മന്തിയൂര്‍ ഗ്രാമം ഇനി വിഷ്ണു നായരുടെ പേരില്‍ അറിയപ്പെടും; മലയാളി സബ് കളക്ടറോടുള്ള ബഹുമാനാര്‍ഥം തമിഴകത്തെ പിന്നോക്ക ഗ്രാമം ഇപ്പോള്‍ വിഷ്ണുനഗറാണ്

തിരുനല്‍വേലി: മന്തിയൂര്‍ പഞ്ചായത്തിലെ വാഗൈകുളം വില്ലേജിലെ ഊരിന്റെ പേര് ഇനി മുതല്‍ മലയാളിയായ സബ് കലക്ടര്‍ വി. വിഷ്ണു നായരുടെ പേരില്‍ അറിയപ്പെടും. മലയാളി സബ് കളക്ടറോടുള്ള ബഹുമാനാര്‍ഥമാണ് ഇരുപതോളം കുടുംബങ്ങളെ ഊരിന്റെ പേരുമാറ്റാന്‍ പ്രേരിപ്പിച്ചത്. ചേരന്‍ മഹാദേവി ഡിവിഷന്റെ ചുമതലയുള്ള സബ് കലക്ടറായ വിഷ്ണു പ്രാദേശികമായ വിഷയവുമായി ബന്ധപ്പെട്ടു തെളിവെടുപ്പിനു പോയപ്പോഴാണ് ഈ ഊരിന്റെ ദയനീയ അവസ്ഥ കണ്ടത്. ഇരുപതിലേറെ കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെങ്കിലും ഊരില്‍ വെള്ളമില്ല, വെളിച്ചമില്ല, വഴിയുമില്ല. വെള്ളത്തിനും വെളിച്ചത്തിനും വേണ്ടി പലവട്ടം പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായില്ലെന്നു നാട്ടുകാര്‍ വിഷ്ണുവിനെ അറിയിച്ചു. ഊരിലേക്ക് അടിസ്ഥാന സൗകര്യങ്ങളെത്തിക്കാന്‍ വിഷ്ണു മുന്‍കയ്യെടുത്തു ബന്ധപ്പെട്ട വകുപ്പുകളുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു. പതിവുപോലെ ഒട്ടേറെ സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിക്കപ്പെട്ടെങ്കിലും വിഷ്ണു കര്‍ശന നിലപാടെടുത്തതോടെ കാര്യങ്ങള്‍ തെളിഞ്ഞത്.. നാലുമാസങ്ങള്‍ക്കുള്ളില്‍ എല്ലാ വീട്ടിലും വെളിച്ചമെത്തി. സര്‍ക്കാരിന്റെ സ്ഥലം കൂടി ഉപയോഗപ്പെടുത്തി റോഡ് വെട്ടി. എല്ലാ വീട്ടിലും പൈപ്പ് കണക്ഷന്‍ നല്‍കി. അര്‍ഹരായവര്‍ക്കെല്ലാം സര്‍ക്കാര്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൂടി ലഭ്യമാക്കിയ സബ് കലക്ടര്‍ ഊരിന്റെ കാവലാളായി മാറി. അങ്ങനെ വിഷുവിനോടുള്ള ഇഷ്ടമാണ് അവര്‍ക്ക് ഊരിന്റെ പേര് വിഷ്ണു നഗറാക്കിയത്.സ്വന്തം ജോലി ചെയ്തുവെന്ന കാരണത്താല്‍ ഊരിനു തന്റെ പേരിടാനുള്ള ശ്രമത്തെ എതിര്‍ത്തെങ്കിലും വിജയിച്ചില്ലെന്നു വിഷ്ണു പറഞ്ഞു. കൊച്ചി സ്വദേശിയായ വിഷ്ണു.

© 2024 Live Kerala News. All Rights Reserved.