മുന്‍മന്ത്രി എംകെ മുനീറിന്റെ മകന്റെ വിവാഹം നടന്നത് ലക്ഷങ്ങള്‍ പൊടിച്ച്; ആഡംബര വിവാഹം ഒഴിവാക്കണമെന്ന മുസ്ലീംലീഗിന്റെ ഫത്വവ തള്ളി; പന്തലിന് മാത്രം ചിലവ് വന്നത് 20 ലക്ഷത്തിന് മുകളില്‍

കോഴിക്കോട്: മുസ്ലിം ലീഗ് നേതാക്കന്മാരും പ്രവര്‍ത്തകരും ആഡംബര വിവാഹം നടത്താനോ അത്തരം വിവാഹത്തില്‍ പങ്കെടുക്കാനോ പാടില്ല എന്ന ഫത്വവ നിലനില്‍ക്കെ അതെല്ലാം തള്ളിക്കൊണ്ടായിരുന്നു മുന്‍മന്ത്രി എം കെ മുനീര്‍ എംഎല്‍എയുടെ മകന്റെ വിവാഹം. പതിനായിരത്തിലധികം ആളുകള്‍ പങ്കെടുത്ത കല്യാണത്തിന് പൊടിച്ചത് ലക്ഷങ്ങളാണ്. പന്തലിന് മാത്രം 20 ലക്ഷത്തോളം ചിലവ് വന്നിട്ടുണ്ട്. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ്പ് ഹൈദരലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറും ചേര്‍ന്നാണ് ആഡംബര വിവാഹത്തില്‍ പങ്കെടുക്കാന്‍പോലും പ്രവര്‍ത്തകര്‍ തയ്യാറാവരുതെന്ന് നിര്‍ദേശം നല്‍കിയത്. ഇതെല്ലാം സൗകര്യപൂര്‍വമാണ് എം കെ മുനീര്‍ ലംഘിച്ചത്. മുസ്ലിംലീഗിനുള്ളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് മുനീറിനോട് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. മാത്രമല്ല മുനീര്‍ ചെയര്‍മാനായിരുന്ന ഇന്ത്യാവിഷന്‍ ചാനലിലെ ജീവനക്കാര്‍ക്ക് ആറ് മാസത്തെ ശമ്പള കുടിശ്ശിക ഇപ്പോഴും നിലനില്‍ക്കുകയാണ്. ഓരോ തവണ ജീവനക്കാര്‍ മുനീറിനെ കണ്ടപ്പോഴും ഫണ്ടില്ലാത്ത കഥ പറഞ്ഞ് ഒഴിയുകയായിരുന്നു. എന്നാല്‍ ലക്ഷങ്ങള്‍ പൊടിച്ചുള്ള മകന്റെ ആഡംബരവിവാഹം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യാവിഷനിലെ ജീവനക്കാരും. പിതാവ് സിഎച്ച് മുഹമദ് കോയ മരിച്ചതോടെ ഏറെ അരക്ഷിതാവസ്ഥയിലായിരുന്നു മുനീറിന്റെ കുടുംബം. അദേഹത്തിന്റെ പഠനവും കുടുംബത്തിന്റെ ചിലവും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. മുനീറിന്റെ കുടുംബത്തിന് ധനസഹായമായി മാസത്തില്‍ 100 രൂപ നല്‍കാന്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഉത്തരവിടുകയായിരുന്നു. അതേ എം കെ മുനീറാണിപ്പോള്‍ ജനപ്രതിനിധിയായ ശേഷം ലക്ഷങ്ങള്‍ പൊടിച്ച് മകന്റെ കല്യാണം നടത്തിയത്.

© 2024 Live Kerala News. All Rights Reserved.