ചങ്ങനാശ്ശേരി എസ്ബി കോളജിലും ലിംഗവിവേചനം; ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍പോലും അവകാശമില്ല; സദാചാരം അടിച്ചേല്‍പ്പിക്കുന്ന കോളജില്‍ സൗഹൃദങ്ങള്‍ക്ക് പോലും അതിര്‍വരമ്പ്

സ്വന്തം ലേഖകന്‍

കോട്ടയം: കോഴിക്കോട് ഫാറൂഖ് കോളജിന് പിന്നാലെ ചങ്ങാനാശ്ശേരി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ എസ് ബി കോളജിലും ലിംഗവിവേചനമെന്ന് വിവരം.കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ നിര്‍മിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡൈനിംഗ് ഹാളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മുറി തിരിച്ചിട്ടുണ്ട്. മത്സര പരീക്ഷയ്‌ക്കെന്നപോലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സദാചാര ക്ലാസുകളെടുക്കുന്നത് പതിവാണിവിടെ. ആണ്‍പെണ്‍ സൗഹൃദത്തിന് പോലും കോളജ് അധികൃതര്‍ അതിര്‍വരമ്പ് സ്ഥാപിച്ചിട്ടുണ്ട്. ആണ്‍പെണ്‍ സൗഹൃദങ്ങള്‍ ചതിക്കുഴികളാണെന്ന് വ്യാഖ്യാനിച്ചാണ് ഇങ്ങനെ നിയന്ത്രണം. കോഴിക്കോട് ഫറൂഖ് കോളേജില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഇരിപ്പിടം ഒരുക്കിയതിനെതിരെ പ്രതിഷേധിച്ചവര്‍ ഈ കോളജിലുമുണ്ടായിരുന്നു. ചങ്ങനാശ്ശേരി എസ്ബി കോളേജിലെ ലിംഗ വിവേചനത്തിന് നേരെ സൗകര്യപൂര്‍വം കണ്ണടക്കുകയും ചെയ്യുന്നു. ഫറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ വിവേചനത്തിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥി ദിനു എന്ന വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തതിനെതിരേയും പ്രതിഷേധം ശക്തമായിരുന്നു. ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ നടക്കുന്ന ലിംഗ വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ചെറിയൊരു വിഭാഗം മാത്രമാണ് രംഗത്തെത്തിയിരിക്കുന്നത്. സ്വയംഭരണാധികാര പദവി ലഭിച്ച കേരളത്തിലെ ആദ്യ കോളേജാണ് ചങ്ങനാശ്ശേരി എസ്ബി കോളേജ്. പൊതുവെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന കോളജുകളില്‍ ഇതൊന്നുമില്ലെന്നും പത്തരമാറ്റാണെന്നുമുള്ള പ്രചാരണമിറക്കിയാണ് ഇവര്‍ രക്ഷനേടുന്നത്. ചങ്ങനാശ്ശേരി എസ്ബി കോളജ് റോമന്‍ കത്തോലിക്ക വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്.

© 2024 Live Kerala News. All Rights Reserved.