മ്യൂണിക്കില്‍ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പില്‍ 9 മരണം; ആക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചു; ഭീകരാക്രമണമാണെന്ന് സംശയം

ബെര്‍ലിന്‍: ജര്‍മനിയിലെ മ്യൂണിക്ക് ഒളിംപിക്‌സ് സ്റ്റേഡിയത്തിന് സമീപമുള്ള ഒളിംപ്യ ഷോപ്പിങ് മാളില്‍ വെടിവെപ്പ്. വെടിവെപ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ജര്‍മന്‍ സമയം വൈകിട്ട് ആറോടെയായിരുന്നു ആക്രമണം. ഭീകരാക്രമണമാണെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ആക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായി പ്രാദേശിക മാധ്യമങ്ങളിലൊന്ന് റിപ്പോര്‍ട്ട് ചെയ്തു.തോക്കുകളുമായിട്ടാണ് ഇവര്‍ ഒളിച്ചു കടന്നിരിക്കുന്നത്. അതിനാല്‍ത്തന്നെ പൊതുഗതാഗതം ഉള്‍പ്പെടെ നിര്‍ത്തിവച്ചുകൊണ്ട് പൊലീസ് കനത്ത പരിശോധന ആരംഭിച്ചിരിക്കുകയാണ്.രക്ഷപ്പെട്ട അക്രമികള്‍ സമീപത്തെ മെട്രോ സ്റ്റേഷനുകളിലൊന്നിലുംവെടിവെപ്പു നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലേക്ക് യാത്ര തിരിച്ചിരുന്ന ജര്‍മന്‍ ആഭ്യന്തര മന്ത്രി സംഭവത്തെത്തുടര്‍ന്ന് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ജര്‍മനിക്കാവശ്യമായ എല്ലാ പിന്തുണയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വാഗ്ദാനം ചെയ്തു. ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്) യൂറോപ്പില്‍ വ്യാപിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചുള്ള ട്വീറ്റുകളും വന്നു തുടങ്ങിയിട്ടുണ്ട്. ഐഎസ് അനുകൂല സന്ദേശങ്ങള്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്ന അക്കൗണ്ടുകളില്‍ നിന്നാണ് ഈ സന്തോഷ പ്രകടനങ്ങള്‍.

© 2024 Live Kerala News. All Rights Reserved.