മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍; അര്‍ഷിദ് ഖുറേഷിക്ക് ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധം

മുംബൈ : കൊച്ചി സ്വദേശി മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ ഒരാള്‍ അറസ്റ്റില്‍. എന്‍ഐഎ സംഘം തിരഞ്ഞ അര്‍ഷിദ് ഖുറേഷിയാണ് അറസ്റ്റിലായത്. മെറിന്‍ എന്ന മറിയത്തെ കാണാതായ കേസില്‍ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റിലായ ഖുറേഷിക്ക് ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധമുണ്ട്. മെറിനും ഭര്‍ത്താവ് യഹിയയും മുംബൈയില്‍ ഖുറേഷി എന്നയാളുടെ തടങ്കലിലാണെന്ന വിവരത്തെ തുടര്‍ന്ന് ഖുറേഷിയെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിരുന്നു.

നവി മുംബൈയില്‍ വച്ച് രാത്രി 10 മണിയോടെയാണ് ഖുറേഷിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘവും മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ ഭീകരവിരുദ്ധസേന പരിശോധന നടത്തിയിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാളെ ഉടന്‍തന്നെ കേരളത്തിലെത്തിക്കും. കൊച്ചിയിലെ കോടതിയിലാണ് ഇയാളെ ഹാജരാക്കുക.

© 2024 Live Kerala News. All Rights Reserved.