മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തത് 20 കേസുകള്‍; എല്ലാ കേസിലും ഒന്നാംപ്രതി; മുഖ്യമന്ത്രിയെ കാണാന്‍ വെള്ളാപ്പള്ളി ശ്രമിച്ചെങ്കിലും കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിച്ചില്ല

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് വായ്പാത്തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരേ 20 കേസുകള്‍. എല്ലാ കേസിലും വെള്ളാപ്പള്ളിതന്നെയാണ് ഒന്നാംപ്രതി. കേസുകള്‍ ക്രൈംബ്രാഞ്ച് ആണ് രജിസ്റ്റര്‍ ചെയ്തത്. വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഉടന്‍ നിയമോപദേശം തേടുമെന്നാണറിയുന്നത്. പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നു 15 കോടി രൂപ വായ്പയെടുത്ത് യോഗം ശാഖകള്‍ വഴി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. അറസ്റ്റ് ഒഴിവാക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയനെ വെള്ളാപ്പള്ളി ശ്രമം നടത്തിയെങ്കിലും കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ചില്ല. ഇതുസംബന്ധിച്ച വാര്‍ത്ത മംഗളം വെബാണ് പുറത്തുവിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് കണ്ണൂര്‍ യൂണിറ്റ് സി.ഐ: എം.എം. മാത്യൂസിനാണ് അന്വേഷണച്ചുമതല. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി: എ. ആനന്ദകൃഷ്ണന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്.എന്‍.ഡി.പി. യോഗം ശാഖകള്‍ വഴി വിതരണം ചെയ്ത തുകയിലാണു തട്ടിപ്പ് നടന്നതെന്നു ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. വിവിധ ശാഖകള്‍ വഴി തട്ടിപ്പിനു കൂട്ടുനിന്നവരാണ് മറ്റു പ്രതികള്‍. മിക്ക കേസിലും യോഗം പ്രസിഡന്റ് എം.എന്‍. സോമനും പ്രതിയാണ്. വെള്ളാപ്പള്ളിയടക്കമുള്ള പ്രമുഖര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് വിജിലന്‍സ് അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.