യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ വിദേശ യാത്ര നടത്തിയ മന്ത്രിമാരില്‍ എം കെ മുനീര്‍ മുന്നില്‍; ബഹുഭൂരിഭാഗം യാത്രകളും സര്‍ക്കാര്‍ ചെലവില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്; രണ്ടാം സ്ഥാനത്ത് ഷിബു ബേബി ജോണ്‍; അധികവും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക്

തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിദേശയാത്ര നടത്തിയ മന്ത്രിമാരില്‍ ഏറ്റവും മുന്നില്‍ സാമൂഹ്യ നീതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന എം.കെ മുനീര്‍ ആണ്. മുപ്പത്തിരണ്ട് തവണയാണ് സമൂഹൂക നീതി വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന മന്ത്രി എം.കെ മുനീര്‍ സര്‍ക്കാര്‍ ചെലവില്‍ അഞ്ച് വര്‍ഷത്തിനിടെ സഞ്ചരിച്ചത്. ഇതില്‍ ഭൂരിഭാഗവും സ്വകാര്യ ആവശ്യങ്ങള്‍ക്കാണ്. യുഎഇയിലേക്കാണ് മുനീര്‍ ഏറ്റവും കൂടുതല്‍ യാത്രചെയ്തത്. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ നല്‍കിയ മറുപടി പ്രകാരം 13 തവണ മുനീര്‍ യു.എ.യിലേക്ക് യാത്രചെയ്തിട്ടുണ്ട്.27പ്രാവശ്യം യാത്ര ചെയ്ത ഷിബു ബേബി ജോണാണ് രണ്ടാംസ്ഥാനത്തുള്ളത്. ഔദ്യോഗികയാത്രകളില്‍ ഏറ്റവും കൂടുതലുള്ളതും ഷിബു ബേബി ജോണ്‍ ആണ്. 27തവണത്തെ യാത്രയില്‍ പത്ത് പ്രാവശ്യമാണ് ഷിബു ബേബി ജോണ്‍ സര്‍ക്കാര്‍ ആവശ്യത്തിനായി യാത്ര നടത്തിയത്. ഇരുപത് തവണ യാത്ര നടത്തിയ കെ.സി ജോസഫ് മുഴുവന്‍ യാത്രയും ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗപ്പെടുത്തിയത്. കെ ബാബുവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. എന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ ഒറ്റത്തവണ പോലും വിദേശയാത്ര നടത്താത്ത മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ മാത്രമാണ്. സര്‍ക്കാര്‍ ചെലവില്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് പോകുന്ന മന്ത്രിമാരില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്ന എംകെ മുനീര്‍തന്നെയായത് വിചിത്രമാണ്.

© 2024 Live Kerala News. All Rights Reserved.