സാക്കിര്‍ നായിക്കിനെ തള്ളിപ്പറഞ്ഞ് യൂത്ത് ലീഗ്; ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഇസ്ലാമിക് ധാരകളെ തുറന്നെതിര്‍ക്കും

കോഴിക്കോട്: ഇസ്ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്കിനെ അനുകൂലിച്ച് മുസ്ലിംലീഗ് വന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ മുസ്ലീംലീഗ് നിലപാടിന് വിരുദ്ധമായി യൂത്ത് ലീഗ് സാക്കിര്‍ നായിക്കിന്റെ ആശയങ്ങളോട് യോജിക്കാന്‍ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മലയാളി യുവാക്കള്‍ ഐഎസില്‍ ചേര്‍ന്ന സംഭവത്തിന്റെയും സാക്കിര്‍ നായിക്ക് വിവാദത്തിന്റെയും പശ്ചാത്തലത്തിലാണ് യൂത്ത് ലീഗിന്റെ പ്രതികരണം. ഐഎസ് വിഷയത്തില്‍ സിപിഎമ്മും സിപിഐയും സംഘപരിവാര്‍ അജണ്ടയാണ് പിന്തുടരുന്നതെന്നും യൂത്ത് ലീഗ് ആരോപണമുന്നയിച്ചു. സാക്കിര്‍ നായിക്ക് വിഷയത്തില്‍ മനുഷ്യാവകാശ ലംഘനത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന് യൂത്ത് ലീഗ് അധ്യക്ഷന്‍ പി.എം.സാദിഖലി വ്യക്തമാക്കി. നായിക്കിനെ വേട്ടയാടുകയാണെന്ന മുസ്ലിംലീഗ് നിലപാടുതള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് രംഗത്തെത്തിയിരുന്നു. എന്നാല്‍ നിലപാട് തിരുത്താന്‍ മുസ്ലിംലീഗ് ഇതുവരെ തയ്യാായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.