ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ഇടതുപക്ഷം നിലപാട് മാറ്റി; യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലം തുടരാന്‍ പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; വിഎസിന്റെ നിലപാടിന് കടകവിരുദ്ധം

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാടില്‍ വെള്ളംചേര്‍ത്ത് ഇടതുസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഹര്‍ജിയില്‍ വാദം തുടരവെയാണ് സംസ്ഥാന സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലം നിലവില്‍ തുടരാനാണ് സര്‍ക്കാര്‍ കോടതിയില്‍ ഇതിന റുപടി നല്‍കിയത്. ഇതാകട്ടെ കഴിഞ്ഞ വിഎസ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച ഇടത് നിലപാടിന് കടക വിരുദ്ധവും.
പത്തിനും അമ്പതിനും ഇടയില്‍ പ്രായമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് ആചാരങ്ങള്‍ക്ക് എതിരാണെന്നും ഭരണഘടനയുടെ 25,26 അനുഛേദങ്ങള്‍ പ്രകാരം കാലാകാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കരുതെന്നുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിരുന്ന സത്യവാങ്മൂലം. ഈ സത്യവാങ് മൂലം ഇപ്പോള്‍ മാറ്റുന്നില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളും ചട്ടങ്ങളും കൂടീ പരിശോധിച്ച് വേണം കേസ് പരിഗണിക്കാനെന്നുമാണ് പിണറായി സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കിയത്. കേസ് നവംബര്‍ ഏഴിലേക്ക് വീണ്ടും കോടതി മാറ്റിയിട്ടുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ശബരിമല സ്ത്രീപ്രവേശത്തിന് വേണ്ടി വാദിച്ച ഇടതുപക്ഷമാണ് അധികാരത്തില്‍ വന്നപ്പോള്‍ നിലപാടില്‍ വെള്ളം ചേര്‍ത്തത്.

© 2024 Live Kerala News. All Rights Reserved.