അമേരിക്കയില്‍ മലയാളി ദമ്പതിമാര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു; കാറിലെ എസി പൊട്ടിത്തെറിച്ച് കിടപ്പുമുറിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറയുകയായിരുന്നു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ താമസിക്കുന്ന മലയാളി ദമ്പതിമാര്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചുമരിച്ചു. അമേരിക്കയിലെ നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയില്‍ താമസിച്ചിരുന്ന കോട്ടയം മണര്‍കാട് മറ്റത്തില്‍ എം.എ കുരുവിള (കുഞ്ഞ്82) ഭാര്യ ലീലാമ്മ (77) എന്നിവരാണ് മരിച്ചത്. കുരുവിള റിട്ട.മെക്കാനിക്കല്‍ എന്‍ജിനിയറും ലീലാമ്മ റിട്ട. നഴ്‌സുമായിരുന്നു. 40 വര്‍ഷമായി അമേരിക്കയില്‍ താമസമാണ് ഇവര്‍. വീടിനടിയില്‍ പാര്‍ക്കുചെയ്തിരുന്ന ഇവരുടെ കാറിന്റെ എ.സി പൊട്ടിത്തെറിച്ച് കിടപ്പുമുറിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറയുകായിരുന്നു. ഇത് ശ്വസിച്ചതാണ് മരണകാരണമെന്ന് സ്ഥലത്തെത്തിയ അമേരിക്കന്‍ പോലീസ് അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

ആഴ്ചയിലൊരിക്കല്‍ കാര്‍ ഒരുമണിക്കൂര്‍ സ്റ്റാര്‍ട്ടാക്കിയിടുക പതിവായിരുന്നു. അപകട ദിവസം കാര്‍ സ്റ്റാര്‍ട്ടാക്കിയ ശേഷം ഓഫാക്കാന്‍ കുരുവിള മറന്നുപോയതായി കരുതുന്നു. ഇദ്ദേഹം മറവി രോഗത്തിന് ചികിത്സയിലായിരുന്നു. ഫോണ്‍ വിളിച്ചിട്ടെടുക്കാത്തതിനെ തുടര്‍ന്ന് അടുത്തുതാമസിക്കുന്ന മൂത്തമകള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. കുരുവിള കിടപ്പുമുറിയിലും ലീലാമ്മ മറ്റൊരുമുറിയില്‍ സെറ്റിയില്‍ ഇരിക്കുന്ന നിലയിലുമായിരുന്നു മൃതദേഹങ്ങള്‍.

© 2024 Live Kerala News. All Rights Reserved.