റംസാന്‍ മാസത്തില്‍ ഹോട്ടലുകള്‍ അടച്ചിടാന്‍ പാടില്ല; സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ യാതൊരു കാരണവശാലും റംസാന്‍ വ്രതം എടുക്കരുത്; ചൈനയുടെ റംസാന്‍വ്രത നിയന്ത്രണത്തിനെതിരെ ഇസ്ലാമിക രാജ്യങ്ങള്‍ രംഗത്ത്

ബീജിംഗ്: റംസാന്‍ വ്രതാരംഭത്തിനെതിരെ കര്‍ശന നിയന്ത്രണവുമായി ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ നടപടി. സംഭവത്തില്‍ വിവിധ ഇസ്ലാമിക രാജ്യങ്ങള്‍ ചൈനയെ പ്രതിഷേധമറിയിച്ചു. ചൈനയിലെ ചില സ്‌കൂളുകളും സര്‍ക്കാര്‍ ഏജന്‍സികളും നടപടിയില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങള്‍, നേതാക്കള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ യാതൊരു കാരണവശാലും റംസാന്‍ വ്രതം എടുക്കരുതെന്നും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും പ്രാദേശിക ഭരണകൂടങ്ങളുടെ നിര്‍ദ്ദേശമുണ്ട്. റംസാന്‍ മാസത്തില്‍ ഹോട്ടലുകള്‍ അടച്ചിടാന്‍ പാടില്ലെന്നും ഭക്ഷണവും പാനീയവും എപ്പോഴും ലഭ്യമായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളായ സിന്‍ജിയാങ്ങിലും മറ്റും കര്‍ശന നിയന്ത്രണമാണ് റംസാന്‍ വ്രതനുഷ്ഠാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുസ്‌ലിം ന്യൂനപക്ഷമായ ഉയ്ഗൂര്‍ വിഭാഗത്തിനെതിരാണ് ചൈന സര്‍ക്കാരിന്റെ നടപടിയെന്ന് വിമര്‍ശിച്ച് തുര്‍ക്കിയും രംഗത്ത് വന്നു. പ്രദേശത്ത് വ്രതമനുഷ്ഠിക്കുന്നത് പോലും തടഞ്ഞ ചൈനയുടെ നടപടിയില്‍ തുര്‍ക്കി അതൃപ്തി അറിയിച്ച. ഇവിടെ ന്യൂനപക്ഷമായ ഉയ്ഗൂര്‍ മുസ്‌ലിം വിഭാഗക്കാരും പൊലീസും തമ്മില്‍ പല തവണ ഏറ്റുമുട്ടിയിരുന്നു. മേഖലയിലെ ഭൂരിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി റമദാന്‍ വ്രതത്തിന് പ്രദേശത്ത് നേരത്തേയും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മുസ്ലിം ജനസംഖ്യ കൂടുതലുള്ള മലേഷ്യയും സംഭവത്തില്‍ അതൃപ്തി അറിയിച്ച് രംഗത്ത് വന്നു.റംസാന്‍ വ്രതങ്ങള്‍ക്കുള്ള നിയന്ത്രണവും നിരോധനവും സംബന്ധിച്ച ഉത്തരവുകള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും പൊതു ഇടങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. വിദ്യാര്‍ത്ഥികളും കുട്ടികളും പള്ളികളില്‍ പോകുന്നില്ലെന്നും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നില്ലെന്നും ഉറപ്പാക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. മതവിശ്വാസത്തിന് രാജ്യത്ത് കൂടുതല്‍ പ്രചാരം ലഭിക്കുന്നതില്‍ വലിയ ആശങ്കയാണ് ചൈനീസ് ഭരണകൂടത്തിനുള്ളത്.

© 2024 Live Kerala News. All Rights Reserved.