കെപിസിസി യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം; സുധീരനെ കടന്നാക്രമിച്ച് എം എം ഹസന്‍; നേതൃത്വത്തെ സൂചിമുനയില്‍ നിര്‍ത്തിയത് വിഡി സതീശന്‍

തിരുവനന്തപുരം: കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനം. തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് വിമര്‍ശനം. മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയാണ് യോഗത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍ രംഗത്ത് വന്നതോടെ എംഎം ഹസന്‍ വിഎം സുധീരനെയാണ് കടന്നാക്രമിച്ചത്. തെരഞ്ഞെടുപ്പില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മതേതരത്വ നിലപാടില്‍ ആത്മാര്‍ത്ഥതയുണ്ടെന്ന തോന്നല്‍ പോലും ഉണ്ടാക്കിയിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ഡല്‍ഹിയിലെ ചര്‍ച്ചകള്‍ പല മണ്ഡലങ്ങളിലെയും തോല്‍വിക്ക് കാരണമായെന്നും വിമര്‍ശനം ഉയര്‍ന്നു.

തോല്‍വിയുടെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്ക് മാത്രമല്ല സുധീരനും ഉണ്ടെന്നും എംഎം ഹസന്‍ ആരോപിച്ചു. നേതൃമാറ്റം വേണം പുനസംഘടന അനിവാര്യമെന്നും ഹസന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ ഫലത്തില്‍ നിന്ന് പാഠം ഉള്‍കൊണ്ടില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാരിന്റെ അവസാന കാലത്തെ വിവാദ തീരുമാനങ്ങള്‍ തോല്‍വിക്ക് കാരണമായെന്നും വാത്സല്യത്തോടെ സംസാരിക്കുമെങ്കിലും സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ലാലി വിന്‍സന്റ് ആരോപിച്ചു. മദ്യനയം നേട്ടമുണ്ടാക്കിയില്ലെന്നും ആദര്‍ശം പറയാനെ കൊള്ളു പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. കൂടാതെ ഹൈക്കമാന്‍ഡിനെതിരെയും വിമര്‍ശനം ഉയര്‍ന്ന കമ്മിറ്റിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യവും ഉയര്‍ന്നു. സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയം പാളിയെന്ന വിമര്‍ശനവും ഉണ്ടായി.

© 2024 Live Kerala News. All Rights Reserved.