തിഹാറില്‍ രണ്ടു കുറ്റവാളികള്‍ ജയില്‍ ചാടി; രക്ഷപെട്ടത് തുരങ്കം നിര്‍മിച്ച്

 

ന്യൂഡല്‍ഹി: അതീവ സുരക്ഷയിലുള്ള തിഹാര്‍ ജയിലില്‍ നിന്ന് രണ്ടു തടവുകാര്‍ രക്ഷപെട്ടു. ജയിലിനുള്ളില്‍ തുരങ്കം നിര്‍മിച്ച് ഇതിലൂടെയായിരുന്നു ഇവരുടെ രക്ഷപെടല്‍. ശനിയാഴ്ച രാത്രിയാണ് സംഭവം. ജയില്‍ നമ്പര്‍ ഏഴിനോടു ചേര്‍ന്ന മതില്‍ ചാടുകയായിരുന്നു. ഇതിനുശേഷം ജയില്‍ നമ്പര്‍ എട്ടിലേക്കുള്ള മതിലിനു സമീപം തുരങ്കം നിര്‍മിക്കുകയും ഇതുവഴി പുറത്തു കടക്കുകയുമായിരുന്നു.

എന്നാല്‍ ജയില്‍ ചാടിയവരില്‍ ഒരാളെ പിടികൂടിയെന്നും മറ്റൊരാള്‍ ഓടി രക്ഷപെട്ടുവെന്ന് പൊലീസ് പറഞ്ഞു. ഭവനഭേദനത്തിന് ശിക്ഷിക്കപ്പെട്ടാണ് ഇവര്‍ ജയിലിലായത്. ഞായറാഴ്ച രാവിലെയാണ് കുറ്റവാളികള്‍ രക്ഷപെട്ടതായി അധികൃതര്‍ മനസിലാക്കിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ തുരങ്കം കണ്ടെത്തുകയായിരുന്നു. അധികം താമസിക്കാതെ കുറ്റവാളികളില്‍ ഒരാളായ ഫൈസാനെ പിടികൂടുകയും ചെയ്തു. കുറ്റവാളികള്‍ക്ക് എവിടെ നിന്നാണ് തുരങ്കം നിര്‍മിക്കുന്നതിനാവശ്യമായ സാധനങ്ങള്‍ കിട്ടിയതെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഏഷ്യയില്‍ തന്നെ നിരവധി സുരക്ഷാ സംവിധാനങ്ങളുള്ള ജയിലാണ് തിഹാര്‍ ജയില്‍. 12,000 ത്തോളം കുറ്റവാളികളാണ് ഇവിടെയുള്ളത്. വിഐപികളായ രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍ തുടങ്ങിയവരെ ഇവിടെയാണ് പാര്‍പ്പിക്കാറുള്ളത്.

© 2024 Live Kerala News. All Rights Reserved.