ലോകത്തിലെ ഏറ്റവുംഭാരം കൂടിയ പെണ്‍കുഞ്ഞ് ഇന്ത്യയില്‍ പിറന്നു; കര്‍ണാടക സ്വദേശിയാണ് ഏഴ് കിലോയോളം ഭാരമുള്ള കുഞ്ഞിന് ജന്‍മം നല്‍കിയത്; വീഡിയോ കാണാം

ബാംഗ്ലൂര്‍: ലോകത്തിലെ ഏറ്റവുംഭാരം കൂടിയ പെണ്‍കുഞ്ഞിന് ഇന്ത്യക്കാരിയായ യുവതി ജന്‍മം നല്‍കി. കര്‍ണാടക സ്വദേഷി നന്ദിനി എന്ന യുവതിയാണ് ഏഴ് കിലോയോളം ഭാരമുള്ള കുഞ്ഞിന് ജന്‍മം നല്‍കിയത്. സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. ലോകത്തിലും ഇന്ത്യയിലും വെച്ച് ഇതുവരെ ജനിച്ചതില്‍ ഏറ്റവും ഭാരം കൂടിയ പെണ്‍കുഞ്ഞ് ഇതാണെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ വെങ്കിടേഷ് രാജ് അഭിപ്രായപ്പെട്ടു. കര്‍ണാടകയിലെ ഹസനിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രസവം നടന്നത്. നന്ദിനിക്ക് 94 കിലോ ഭാരവും അഞ്ച് അടി 9 ഇഞ്ച് നീളവുമാണ് ഉണ്ടായിരുന്നത്. ഇവര്‍ സ്ഥിരമായി പരിശോധനകള്‍ക്ക് എത്തിയിരുന്നെന്നും അവര്‍ക്കും ഗര്‍ഭകാലത്തെ പ്രമേഹമോ തൈറോയിഡ് പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.ഇത് തങ്ങള്‍ക്ക് അത്ഭുതമായിരുന്നെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ പൂര്‍ണിമ മനു പറഞ്ഞു. അരമണിക്കൂറോളം നീണ്ട ശസ്ത്രക്രിയ സുഗമമായിരുന്നെന്നും കുട്ടി വലുതും സുന്ദരിയുമാണെന്നും പൂര്‍ണിമ വെളിപ്പെടുത്തി.

2014 ല്‍ മസാച്യുസെറ്റ്‌സില്‍ ജനിച്ച 6.7 കിലോ ഭാരമുള്ള കുട്ടിയായിരുന്നു ലോകത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ഭാരം കൂടിയ നവജാത പെണ്‍ശിശു. ഇതാണ് ഇപ്പോള്‍ തിരുത്തിക്കുറിച്ചിരിക്കുന്നത്. സാധാരണ നവജാത ശിശുക്കളേക്കാള്‍ ഇരട്ടി തൂക്കമാണ് കുട്ടിക്കുള്ളത്. സാധാരണ ഗതിയില്‍ ആറ് മാസം പ്രായമെത്തുന്ന ഒരു കുട്ടിയുടെ ശരീര ഭാരമാണ് ഏഴ് കിലോ. എങ്കിലും കുട്ടി പൂര്‍ണ ആരോഗ്യവതിയാണ്. കുട്ടിക്ക് ഉയര്‍ന്ന ഷുഗര്‍ നിരക്ക്, തൈറോയിഡ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ശ്വാസോച്ഛ്വാസം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.