ഇടതുമന്ത്രിസഭയുടെ ഉപദേശക സ്ഥാനം വിഎസ് ഏറ്റെടുക്കും; പദവി കാബിനറ്റ് റാങ്കോടെ; ഒപ്പം പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനവും

തിരുവനന്തപുരം: കാബിനറ്റ് റാങ്കോടെ ഇടതുമന്ത്രിസഭയുടെ ഉപദേശക സ്ഥാനം വി.എസ് അച്യുതാനന്ദന്‍ ഏറ്റെടുക്കും. ഇതുകൂടാതെ ഇടതുമുന്നണി അധ്യക്ഷപദവിയും അദ്ദേഹത്തിന് ലഭിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും വിഎസിനു ലഭിക്കും. ഇടതുമന്ത്രിസഭ അധികാരമേറ്റെടുത്തപ്പോഴും ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു വിഎസിന്റെ പദവി.
കഴിഞ്ഞ ദിവസം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തനിക്ക് ലഭിക്കുന്ന പുതിയ പദവികള്‍ വിശദീകരിക്കുന്ന കുറിപ്പ് വിഎസ് വായിക്കുന്ന വാര്‍ത്ത ഫോട്ടോ ഉള്‍പ്പെടെ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇംഗ്ലീഷില്‍ എഴുതിയിരുന്ന കുറിപ്പില്‍ ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശക പദവിയും എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പുനപ്രവേശനവും നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതില്‍ വിഎസിന് ഉണ്ടായിരിക്കുന്ന വൈഷമ്യം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് പുതിയ പദവികള്‍ നല്‍കിയിരിക്കുന്നതെന്നാണ് നിരീക്ഷണം.

© 2024 Live Kerala News. All Rights Reserved.