ആര്യാ പ്രേംജി വിടവാങ്ങി; വിധവാ പുനര്‍വിവാഹത്തിലൂടെ ചരിത്രത്തിലിടം നേടിയ വനിത

തിരുവനന്തപുരം: നമ്പൂതിരി സമുദായത്തിലെ വിധവാ വിവാഹത്തിലൂടെ ചരിത്രത്തില്‍ ഇടം നേടിയ ആര്യാ പ്രേംജി (91) അന്തരിച്ചു. ഭരത് അവാര്‍ഡ് ജേതാവും സാമൂഹ്യപരിഷ്‌ക്കര്‍ത്താവുമായ അന്തരിച്ച പ്രേംജിയുടെ ഭാര്യയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

14ആം വയസിലായിരുന്നു ആര്യാ പ്രേംജിയുടെ ആദ്യ വിവാഹം. 15ആം വയസില്‍ വിധവയായി. 12 വര്‍ഷം വിധവയായി ജീവിച്ച ആര്യയെ 27ആം വയസിലാണ് പ്രേംജി വിവാഹം കഴിക്കുന്നത്. ഇതിലൂടെ ആര്യക്ക് സമുദായം ഭ്രഷ്ട് കല്‍പ്പിച്ചു. ഇഎംഎസും വിടി ഭട്ടതിരിപ്പാടും അന്ന് വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത നമ്പൂതിരി സമുദായ അംഗങ്ങളേയും അന്ന് ഭ്രഷ്ട് കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയിരുന്നു. 1964ല്‍ തൃശൂര്‍ മുന്‍സിപ്പാലിറ്റിയിലേക്ക് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായി ആര്യാ പ്രേംജിയെ തെരഞ്ഞെടുക്കപ്പെട്ടു. അന്തരിച്ച നടന്‍ കെപിഎസി പ്രേമചന്ദ്രന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നീലന്‍, എന്നിവരടക്കം അഞ്ച് മക്കളുണ്ട്.

© 2024 Live Kerala News. All Rights Reserved.