കേരളത്തിലും ഡീസല്‍ വാഹനങ്ങള്‍ക്ക് പണിവരുന്നു;പത്തുവര്‍ഷത്തിലധികം പഴക്കമുളള 2000 സിസി വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന് ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്

കൊച്ചി: ഡല്‍ഹിക്ക് പുറകെ കേരളത്തിലും ഡീസല്‍ വാഹനങ്ങള്‍ക്ക് പണിവരുന്നു. പത്തുവര്‍ഷത്തിലധികം പഴക്കമുളള വാഹനങ്ങളിലെ 2000 സിസിക്ക് മുകളിലുളള ഡീസല്‍ എന്‍ജിനുകള്‍ ഒരു മാസത്തിനുള്ളില്‍ മാറ്റണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചിന്റെ ഉത്തരവ്. ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരു മാസത്തെ സമയവും സര്‍ക്യൂട്ട് ബെഞ്ച് അനുവദിച്ചു. നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ ഡീസല്‍ എന്‍ജിനുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ വാഹനങ്ങള്‍ കണ്ടുകെട്ടാനും പതിനായിരം രൂപ പിഴ ഈടാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൊച്ചിയിലെ ലോയേഴ്‌സ് എന്‍വയോണ്‍മെന്റല്‍ അവയെര്‍നെസ് ഫോറം നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണലിന്റെ ആദ്യ സര്‍ക്യൂട്ട് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് പുറത്തിറങ്ങിയത്. ചെയര്‍മാന്‍ സ്വതന്ത്ര്യകുമാര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് പഴയ വാഹനങ്ങള്‍ പിന്‍വലിക്കണമെന്ന ഈ ഉത്തരവിറക്കിയത്.

© 2024 Live Kerala News. All Rights Reserved.