കേരളം ഇടത്തോട്ട് ചാഞ്ഞു; ബിജെപി അക്കൗണ്ട്‌ തുറന്നു; യുഡിഎഫ് കോട്ടകള്‍ തകര്‍ന്നടിഞ്ഞു

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു തരംഗം. 90ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഇടതു മുന്നണി ഭരണത്തിലേക്ക്. സംസ്ഥാനത്ത് ആദ്യ താമര വിരിയിച്ച് നേമത്ത് ഒ രാജഗോപാലിന് വിജയം.എറണാകുളത്തെയും തൃശൂരിലെയും യുഡിഎഫ് കോട്ടകള്‍ തകര്‍ന്നടിഞ്ഞു. എട്ടിടത്ത് യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തൃശൂര്‍ ജില്ലയില്‍ മുഴുവന്‍ സീറ്റും നേടി ഇടതുമുന്നണി ശക്തമായ പ്രകനം നടത്തി. യുഡിഎഫിനൊപ്പം നിന്ന എറണാകുളവും ഇത്തവണ ഇടത്തോട്ട് ചാഞ്ഞു. മന്ത്രിമാരായ കെ ബാബു, ഷിബു ബേബി ജോണ്‍, കെപി മോഹനന്‍, പികെ ജയലക്ഷ്മി തുടങ്ങി മന്ത്രിമാര്‍ തോറ്റു. പലരും കണ്ണൂരിലും കൊല്ലത്തും നടത്തിയ മുന്നേറ്റം ഇടതു പക്ഷത്തിന് കരുത്ത് പകര്‍ന്നു. മലപ്പുറത്ത് ലീഗിന്റെ മുന്നേറ്റമാണ് യുഡിഎഫിനെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. പൂഞ്ഞാറില്‍ ഇരു മുന്നണികള്‍ക്കുമെതിരെ പോരാടി പിസി ജോര്‍ജ് ഒറ്റയ്ക്ക് മുന്നേറ്റം നടത്തി.
ധര്‍മടത്ത് പിണറായി വിജയനും പത്തനാപുരത്ത് ഗണേഷ്‌കുമാറും വിജയിച്ചു. കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന് വിജയം. പാലായില്‍ വീണ്ടും കെഎം മാണി തന്നെ വിജയിച്ചു കേറി. ആറന്‍മുളയില് വീണ ജോര്‍ജ് വിജയിച്ചു. അഴീക്കോട് എന്‍വി നികേഷ് കുമാറിന് തോല്‍വി. 2254 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംവി നികേഷ്‌കുമാറിനെ കെഎം ഷാജി പരാജയപ്പെടുത്തിയത്. യുഡിഎഫിന്റെ കുത്തക മണ്ഡലമായിരുന്ന കോഴിക്കോട്ടെ തിരുവമ്പാടിയില്‍ എല്‍ഡിഎഫിന്റെ ജോര്‍ജ്ജ് എം തോമസ് 3008 വോട്ടുകള്‍ക്ക് അട്ടിമറി വിജയം സ്വന്തമാക്കി.
നെയ്യാറ്റിന്‍കരയില്‍ സിറ്റിംഗ് എംഎല്‍എ ആര്‍ ശെല്‍വരാജിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ അന്‍സലന്‍ 9,324 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. എല്‍ഡിഎഫിന്റെ കുത്തക മണ്ഡലമായ ആറ്റിങ്ങലില്‍ സിറ്റിംഗ് എംഎല്‍എ ബി സത്യന്‍ മുപ്പത്തയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് മണ്ഡലം നിലനിര്‍ത്തി. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ എം എ വാഹിദിനെ പരാജയപ്പെടുത്തി. ഭൂരിപക്ഷം 7,347. മട്ടന്നൂരില്‍ ഇ പി ജയരാജന്‍ നാല്‍പ്പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് എതിരാളിയെ തകര്‍ത്തത്. ആര്‍എസ്പിയുടെ രാഷ്ട്രീയഭാവി ഇല്ലാതാക്കുന്നതാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം. ഇരവിപുരത്ത് സംസ്ഥാന സെക്രട്ടറി എ എ അസീസ് ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.
ഇടതു തരംഗം ആഞ്ഞടിച്ചത് മലപ്പുറത്തെ ലീഗ് കോട്ടകളെയും വിറപ്പിച്ചു. തിരൂരങ്ങാടിയില്‍ മന്ത്രി പികെ അബ്ദുറബ്ബ് പരാജയത്തിന്റെ വക്കോളമെത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടിയില്‍ സിപിഎം കോണ്‍ഗ്രസ് കൂട്ടുകെട്ടിന് നേതൃത്വം നല്‍കിയ നിയാസ് പുളിക്കലകത്തിനെ നിര്‍ത്തി മണ്ഡലത്തില്‍ എല്‍ഡിഎഫ് അട്ടിമറി പ്രതീതി സൃഷ്ടിച്ചു. വള്ളിക്കുന്ന്, പെരിന്തല്‍മണ്ണ, താനൂര്‍ മണ്ഡലങ്ങളില്‍ കടുത്ത മത്സരമാണ് നടന്നത്. ലീഗ് കോട്ടയായ താനൂരില്‍ അബ്ദദുറഹ്മാന്‍ രണ്ടത്താണി 4000ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം മൃഗീയ ഭൂരപിക്ഷത്തിന് ജയിച്ച മണ്ഡലങ്ങളില്‍ ലീഡ് കുറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് മത്സരിച്ച 24ല്‍ മിക്ക 19 സീറ്റിലും മുന്നേറ്റം നടത്തി യുഡിഎഫില്‍ ലീഗ് ശക്തി തെളിയിച്ചു. അതേസമയം കനത്ത തിരിച്ചടിയായി കോഴിക്കോട്ടെ രണ്ട് മണ്ഡലങ്ങള്‍ ലീഗിന് നഷ്ടമായി. കൊടുവള്ളിയില്‍ ലീഗ് വിമതനായ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖ് ജയിച്ചു. തിരുവനമ്പാടിയില്‍ സഭയുടെ എതിര്‍പ്പ് നേരിട്ട ലീഗ് സ്ഥാനാര്‍ത്ഥി വിഎം ഉമ്മര്‍ മാസ്റ്ററും പരാജയപ്പെട്ടു. എന്നാല്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ കുറ്റ്യാടിയില്‍ ലീഗിന്റെ പാറക്കല്‍ അബ്ദുല്ലയ്ക്ക് മുന്നേറ്റം തുടരാനായി.

© 2024 Live Kerala News. All Rights Reserved.