തലശ്ശേരി: കണ്ണൂര്‍ വിമാനത്താവളത്തിനു വേണ്ടി മരംമുറിച്ച് മാറ്റിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വിമാനത്താവള വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.ബാബുവിനും എതിരെ ത്വരിത പരിശോധന നടത്താന്‍ തലശ്ശേരി വിജിലന്‍സ് കോടതിയുടെ ഉത്തരവ്. മുതിര്‍ന്ന വി.ജെ കുര്യന്‍, ടോം ജോസഫ്, ജിജി തോംസണ്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ചന്ദ്രമൗലി എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തണം. ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
സ്വകാര്യ നിര്‍മ്മാണ കമ്പനിയ്ക്കും സ്വകാര്യ ഏജന്‍സിയ്ക്കും ലാന്‍ഡ് അക്വിസിഷന്‍ ചട്ടങ്ങള്‍ ലംഘിച്ച് ഭൂമി കൈമാറിയതില്‍ 100 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിന് വന്നുവെന്നും പദ്ധതിക്കായി ഒരു ലക്ഷത്തോളം റബര്‍ മരങ്ങള്‍ മുറിച്ച് നിസ്സാര വിലയ്ക്ക് സ്വകാര്യ വ്യക്തിക്ക് വിറ്റുവെന്നും ഹര്‍ജിക്കാരനായ ജെയിംസ് ആരോപിച്ചിരുന്നു. പദ്ധതിക്ക് ഏറ്റെടുത്ത് കൈമാറിയ 70 ഏക്കര്‍ ഭൂമി ഏക്കറിന് 100 രൂപ നിരക്കിലാണെന്നും ഇതുവഴി കോടികളുടെ നഷ്ടം വന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരനുവേണ്ടി പരിസ്ഥിതി പ്രവര്‍ത്തകനായ ഹരിഷ് വാസുദേവനാണ് ഹാജരായത്.