പ്രത്യേകലേഖകന്‍
കൊച്ചി: എക്‌സൈസ് മന്ത്രിയും യുഡിഎഫ് തൃപ്പുണിത്തറ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ ബാബുവിന്റെ ഔദ്യോഗികവാഹനമായ ഇന്നോവയില്‍ നിന്നാണ് കെയ്്‌സ് കണക്കിന് മദ്യം പിടികൂടിയത്. ഫിഷറീസ് വകുപ്പിലെ ശിങ്കിടികളോട് തന്റെ മണ്ഡലത്തിലേക്ക് ഔദ്യോഗിക വാഹനത്തില്‍ മദ്യമെത്തിക്കാന്‍ കെ. ബാബുവിന്റെ നിര്‍ദേശമുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് കടത്തെന്നാണ് വിവരം. ഡ്രൈവറും, ജീവനക്കാരനും ബാബുവിന്റെ നിര്‍ദേശമനുസരിച്ച് ഇന്നോവ കാറില്‍ കൊള്ളുന്ന പരമാവധി മദ്യം നിറച്ച് തൃപ്പൂണിത്തുറയിലേക്ക് വരുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
വണ്ടി അപകടത്തില്‍പ്പെട്ട ഉടന്‍തന്നെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തിയെങ്കിലും വാഹനം പരിശോധിക്കാന്‍ പൊലീസ് തുടക്കത്തില്‍ തയ്യാറായില്ല. ഓടിക്കൂടിയ ജനങ്ങള്‍ വാഹനത്തില്‍ മദ്യം ഉണ്ടെന്ന് പറഞ്ഞ് ബഹളം വച്ചതോടെയാണ് മന്ത്രി വാഹനത്തില്‍ നിന്ന് പൊലീസ് മദ്യം കണ്ടെത്തിയത്. തൃപ്പുണിത്തുറയിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യം കടത്തുന്നതായി പൊലീസിന് ബോധ്യപ്പെട്ടെങ്കിലും ഇന്നോവ ഓടിച്ചിരുന്ന യുവാവിന്റെയും സഹായിയുടെയും ചുമലില്‍ വച്ച് കെട്ടാനാണ് നീക്കം. പിടികൂടിയ മദ്യത്തിന്റെ കണക്കോ മറ്റ് വിവരങ്ങളോ പുറത്ത് വിടാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.