കെ എം മാണിയും മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും പൊതുമരാമത്തില്‍ നിന്ന് അടിച്ചുമാറ്റിയത് കോടികള്‍; വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി; ഫയല്‍ കുറ്റാരോപിതന് തന്നെ കൈമാറിയത് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ധനമന്ത്രിയായിരുന്ന വേളയില്‍ കെഎം മാണിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞുംചേര്‍ന്നാണ ്‌കോടികള്‍ തട്ടിയതിന്റെ രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. മംഗളം പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. റോഡ് പണി, സ്ഥലംമാറ്റം എന്നിവയുടെ പേരില്‍ മന്ത്രിമാരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കോടികള്‍ വെട്ടിച്ചതെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം. പോളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് (ടി 231396/14 നമ്പര്‍ കത്ത് 6624 ഇ2/15) കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനു മന്ത്രി രമേശ് ചെന്നിത്തലയ്ക്കു കൈമാറിയത്. എന്നാല്‍, മരാമത്ത്, ധനവകുപ്പ് മന്ത്രിമാര്‍ കൈക്കൂലി വാങ്ങിയെന്ന റിപ്പോര്‍ട്ട് യു.ഡി.എഫ്. നേതൃത്വം ഇടപെട്ടു മുക്കി. പ്രധാനമായും റോഡ് പണി, സ്ഥലംമാറ്റം എന്നിവയുടെ പേരില്‍ രണ്ടു മന്ത്രിമാര്‍ കോടികളുടെ കൈക്കൂലിക്കു കൂട്ടുനില്‍ക്കുകയും പങ്കുപറ്റുകയും ചെയ്‌തെന്നാണു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. കോടികളുടെ അഴിമതി സംബന്ധിച്ചു മന്ത്രിമാരുടെ പങ്കിലേക്കു വെളിച്ചം വീശുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് സംസ്ഥാനചരിത്രത്തില്‍ ഇതാദ്യമാണ്. പൊതുമരാമത്തുമന്ത്രി, ധനമന്ത്രി, ഇരുവകുപ്പുകളുടെയും സെക്രട്ടറിമാര്‍, ചീഫ് എന്‍ജിനീയര്‍ എന്നിവരാണു കരാറുകാരുമായി കോടികളുടെ അവിഹിത ഇടപാടിലേര്‍പ്പെട്ടതെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടില്‍ ആദ്യം വിശദാന്വേഷണം കുറിച്ച മന്ത്രി രമേശ് ചെന്നിത്തല പിന്നീടു രാഷ്ട്രീയസമ്മര്‍ദത്തേത്തുടര്‍ന്ന് ഫയല്‍ കുറ്റാരോപിതനായ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനുതന്നെ കൈമാറി.
മരാമത്തുപണികളുടെ എസ്റ്റിമേറ്റ് പുതുക്കിനല്‍കുക, പലപ്പോഴായി ചെയ്യേണ്ട പണി ഒന്നിച്ചു കരാര്‍ നല്‍കുക, ചെയ്യാത്ത പണിക്കു ബില്‍ നല്‍കുക, കൃത്യമായി പടി പിരിക്കുക, വഴിവിട്ട സ്ഥലംമാറ്റങ്ങള്‍ എന്നിവയിലൂടെ ഓവര്‍സിയര്‍/ക്ലര്‍ക്ക് മുതല്‍ മന്ത്രിമാര്‍ വരെയുള്ളവര്‍ കോടികള്‍ കൈയിട്ടുവാരിയെന്നു റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. പണികളില്‍ കൃത്രിമം കാട്ടിയാണു കൈക്കൂലി നല്‍കിയതിന്റെ നഷ്ടം കരാറുകാര്‍ നികത്തിയിരുന്നത്. ഉദ്യോഗസ്ഥരും ഇടനിലക്കാരും രാഷ്ട്രീയനേതൃത്വവും ഒത്തുചേര്‍ന്ന് അടങ്കല്‍തുകയുടെ 3% വരെ പിരിച്ചെടുത്തു. നടപ്പാകാത്ത പ്രവൃത്തികളുടെ 50% വരെ എന്‍ജിനീയര്‍മാര്‍ കോഴ വാങ്ങി ഭരണനേതൃത്വത്തിനു കൈമാറി. പ്രധാനമായും കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍, കെ.എസ്.ടി.പി, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എന്നിവ കേന്ദ്രീകരിച്ചാണ് അഴിമതി നടമാടിയത്.
സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരുടെ സാമ്പത്തികാധികാര പരിധിയില്‍ വരുന്ന മരാമത്ത് ബില്‍ തുകയുടെ അര ശതമാനം മുതല്‍ ഒരു ശതമാനം വരെയാണു കൈക്കൂലി. പ്രവൃത്തികളുടെ എസ്റ്റിമേറ്റ് സാങ്കേതികാനുമതിക്കായി സമര്‍പ്പിക്കുമ്പോഴാണു ചീഫ് എന്‍ജിനീയറുടെ ഊഴം. ചിലയിടങ്ങളില്‍ കോഴപിരിക്കാന്‍ അസി. എന്‍ജിനീയര്‍മാരെയാണു നിയോഗിക്കുന്നത്. സ്വാധീനമുള്ള കരാറുകാര്‍ അവര്‍ക്കു താല്‍പര്യമുള്ള എന്‍ജിനീയര്‍മാരെ നിയമിച്ചശേഷമേ പണി നടത്താറുള്ളൂ. പണി നടത്താതെ ബില്‍ മാറി കൊടുക്കുന്നതിന് എന്‍ജിനീയര്‍മാര്‍ക്ക് ബില്‍ തുകയുടെ 50% കൈക്കൂലി കൊടുക്കുന്നതു രണ്ടു രീതിയിലാണ്. അടിയന്തരസ്വഭാവമുള്ള, കുണ്ടും കുഴിയും നിറഞ്ഞ റോഡുകളുടെ ചെറിയ അറ്റകുറ്റപ്പണികള്‍ ചെയ്യാറില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അഴിമതിക്കേസ് പരമാവധി പ്രയോജനപ്പെടുത്താനാണ് പ്രതിപക്ഷ തീരുമാനം.

© 2024 Live Kerala News. All Rights Reserved.