വിദ്യാഭ്യാസ യോഗ്യതയ്ക്ക് പിന്നാലെ നരേന്ദ്രമോഡിയുടെ ജനനത്തീയതിയും വിവാദത്തിലേക്ക്; രണ്ടിടത്തായി രണ്ടുതരത്തിലാണ് ജനന തിയ്യതിയെന്ന് കോണ്‍ഗ്രസ്

അഹമ്മദാബാദ്: വിദ്യാഭ്യാസ യോഗ്യതയിലെ വിവാദം അസാനിക്കുംമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജനന തിയ്യതിയിലും പിശകുള്ളതായി കോണ്‍ഗ്രസ്. വിസ്‌നഗറിലെ മോദി പഠിച്ച എം.എന്‍. കോളജിലെ റജിസ്റ്ററില്‍ അദ്ദേഹത്തിന്റെ ജനനത്തീയതി ഓഗസ്റ്റ് 29, 1949 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അദ്ദേഹം ജനനത്തീയതി രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ, വയസ് എത്രയെന്നു എഴുതിയിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ വിക്കിപ്പീഡിയ പോലുള്ള വെബ്‌സൈറ്റുകളില്‍അദ്ദേഹത്തിന്റെ ജനന തിയ്യതി സെപ്റ്റംബര്‍ 17, 1950 ആണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശക്തിസിന്‍ഹ് ഗോഹില്‍ പറഞ്ഞു. മോദിയുടെ വ്യത്യസ്ത തരത്തിലുള്ള ജനനത്തീയതികള്‍ എന്തുകൊണ്ടാണെന്നു ഞങ്ങള്‍ക്ക് അറിയണം. പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, മറ്റു പ്രധാന രേഖകളിലെ മോദിയുടെ ജനനത്തീയതി ഏതാണെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എവിടെനിന്നാണ് അദ്ദേഹം ബിരുദം നേടിയത്? അങ്ങനെയെങ്കില്‍ കൂടെ പഠിച്ച 10 സഹപാഠികളുടെ പേരുകള്‍ അദ്ദേഹത്തിനു പറയാന്‍ സാധിക്കുമോയെന്നും ഗോഹില്‍ വെല്ലുവിളിച്ചു. ബിജെപിയോ നരേന്ദ്രമോഡിയോ ഇക്കാര്യത്തില്‍ കൃത്യമായ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.