പെയ്ഡ് ന്യൂസിനേക്കാള്‍ അപകടം;പൊതുഖജനാവില്‍ നിന്ന് പണം നല്‍കി സര്‍ക്കാര്‍ മനോരമയെയും മാതൃഭൂമിയെയും വിലക്കെടുത്തു; കണ്ടെത്തല്‍ പ്രസ് കൗണ്‍സിലിന്റേത്

കൊച്ചി: പെയ്ഡ് ന്യൂസിനേക്കാള്‍ അപകടകരമായ രീതിയില്‍ കേരളത്തില്‍ പൊതുഖജനാവില്‍ നിന്ന് പണം നല്‍കി സര്‍ക്കാര്‍ മനോരമയെയും മാതൃഭൂമിയെയും വിലക്കെടുത്തതായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കണ്ടെത്തല്‍. പെയ്ഡ് ന്യൂസ് സംബന്ധിച്ച് നിരീക്ഷണത്തിന് തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശ പ്രകാരം പ്രസ്‌കൗണ്‍സില്‍ നിയോഗിച്ച കമ്മിറ്റിയിലെ അംഗങ്ങളായ ടി. അമര്‍നാഥ്, സി.കെ. നായ്ക് എന്നിവര്‍ രണ്ടുദിവസം കേരളം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് പ്രസ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സര്‍ക്കുലേഷനില്‍ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും നില്‍ക്കുന്ന പത്രങ്ങള്‍ക്ക് ഒരുവര്‍ഷം മുമ്പ് സര്‍ക്കാര്‍ പരസ്യങ്ങളുടെ നിരക്ക് മുന്നൂറും ഇരുന്നൂറും ശതമാനമാണ് വര്‍ധിപ്പിച്ച് നല്‍കിയത്. മറ്റൊരു പത്രത്തിനും വര്‍ധന വരുത്തിയുമില്ല. ഇത് രൂപവും ഭാവവും മാറിയ പെയ്ഡ് ന്യൂസ് ആണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലുള്ള നീക്കം കണ്ടിട്ടില്ല. അപകടകരമായ നീക്കമാണിത്. പരസ്യത്തിന്റെ താരിഫ് വര്‍ധന വാര്‍ത്തകളിലെ നിഷ്പക്ഷതയെ ബാധിച്ചുവോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ അത് അപകടകരമാണ്. പത്രങ്ങളുടെ പേര് കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്തമാക്കിയില്ലെങ്കിലും മനോരമയും മാതൃഭൂമിയും ആണെന്ന് വ്യക്തം. ഈ പത്രങ്ങളുടെ 2014ലെ സര്‍ക്കുലേഷന്‍, അന്ന് നല്‍കിയ സര്‍ക്കാര്‍ പരസ്യ താരിഫ്, ഇപ്പോഴത്തെ സര്‍ക്കുലേഷന്‍, പരസ്യ താരിഫ് എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിശദാംശങ്ങള്‍ ലഭിച്ചാലുടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും റിപ്പോര്‍ട്ട് നല്‍കും. മനോരമയ്ക്ക് കോളം സെന്റിമീറ്ററിന് 2908 രൂപയും മാതൃഭൂമിക്ക് 1959 രൂപയുമാണ് വര്‍ധിപ്പിച്ചത്. സര്‍ക്കാരിന് അനുകൂലമായി നിരന്തരം വാര്‍ത്തകള്‍ നല്‍കുന്നതിന്റെ പ്രത്യുപകാരമായാണ് വര്‍ധന എന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ പെയ്ഡ് ന്യൂസ് സംബന്ധിച്ച് 64 പരാതി കിട്ടിയിട്ടുണ്ട്. അത് പരിശോധിച്ചുവരികയാണെന്നും അമര്‍നാഥ് പറഞ്ഞു. ആദ്യമായാണ് പെയ്ഡ് ന്യൂസ് നിരീക്ഷിക്കുന്നതിന് പ്രസ്‌കൗണ്‍സില്‍ പ്രതിനിധികളെ നിയോഗിക്കുന്നത്. സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് പ്രസ് കൗണ്‍സിലിന്റെ കണ്ടെത്തല്‍.

© 2024 Live Kerala News. All Rights Reserved.