മന്ത്രി പി കെ ജയലക്ഷ്മിക്ക് പിന്നാലെ കെ ബി ഗണേഷ് കുമാറിന്റെ വിദ്യാഭ്യാസ യോഗ്യതയും വിവാദത്തില്‍; കഴിഞ്ഞ തിരഞ്ഞൈടുപ്പില്‍ ബിരുദധാരിയായ ഗണേഷ് ഇപ്പോള്‍ പ്രീഡിഗ്രിക്കാരനായി

തിരുവനന്തപുരം: തെറ്റായ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയതിന് യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി പി കെ ജയലക്ഷ്മിയെ അയോഗ്യതയാക്കാന്‍ ശിപാര്‍ശ ചെയ്തിരിക്കെ സമാനമായ അവസ്ഥയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ബി ഗണേഷ് കുമാറും. നാലാം വട്ടമാണ് ഗണേഷ് കുമാര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.ബി.ഗണേഷ്‌കുമാറിന്റെ വിദ്യാഭ്യാസയോഗ്യത 2001ല്‍ മല്‍സരിക്കുമ്പോള്‍ ബികോം എന്നാണു സത്യവാങ്മൂലം നല്‍കിയിരുന്നത്. 2006ല്‍ കേരള സര്‍വകലാശാലയില്‍ നിന്നു ബികോം എന്നാണ് രേഖപ്പെടുത്തിയത്. 2011ല്‍ ബികോം പഠനം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നായിരുന്നു സത്യവാങ്മൂലത്തില്‍. ഇന്നലെ പത്രിക നല്‍കിയപ്പോള്‍ ഇതെല്ലാം മാറി പ്രീഡിഗ്രി ആയി. തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളജില്‍ നിന്നു പ്രീഡിഗ്രി നേടിയെന്നാണ് ഇപ്പോള്‍ പത്രികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗണേഷിന്റെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ചു നേരത്തേ കോടതിയില്‍ സ്വകാര്യ അന്യായം ഉണ്ടായിരുന്നു. അതു പിന്നീടു പിന്‍വലിച്ചു. വിവരാവകാശ നിയമപ്രകാരവും ചിലര്‍ ഗണേഷിന്റെ വിദ്യാഭ്യാസയോഗ്യതയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മന്ത്രി പി കെ ജയലക്ഷ്മിയുടെ അതേ അവസ്ഥ തന്നെയാകുമോ ഗണേഷിനുമെന്നാണിനി അറിയേണ്ടത്.

© 2024 Live Kerala News. All Rights Reserved.