പട്ടാമ്പി: ജോസ് തെറ്റയിലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച അങ്കമാലി സ്വദേശിനി നോബി അഗസ്റ്റിന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി പട്ടാമ്പിയില്‍ പത്രികനല്‍കി. പട്ടാമ്പിയില്‍ താനെന്തിനാണ് മത്സരിക്കുന്നതിന്റെ കാരണം പിന്നീട് വ്യക്തമാക്കുമെന്നും ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും നോബി പറഞ്ഞു. പത്രികാസമര്‍പ്പണത്തിന്റെ അവസാനദിവസമായ വെള്ളിയാഴ്ചയാണ് പട്ടാമ്പിയിലെത്തി ബിഡിഒ പി. ശശീന്ദ്രന് മുമ്പാകെ നോബി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചതാണ് ജോസ് തെറ്റയില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം. ജോസ് തെറ്റയിലിനും മകന്‍ തോമസിനും എതിരെ ലൈംഗിക ആരോപണവുമായാണ് യുവതി രംഗത്തെത്തിയത്. തന്നെ ഇരുവരും ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാട്ടി ആലുവാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും യുവതി പുറത്തു വിട്ടിരുന്നു. എന്നാല്‍, മനപ്പൂര്‍വ്വം തെറ്റയിലിനെ കണിയില്‍പ്പെടുത്തുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ പീഡനം നടന്നിട്ടില്ലെന്ന് കോടതി വിധി എഴുതി തെറ്റയിലിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. എന്നാല്‍ ചെറിയ ഇടവേളയ്ക്ക് ശേഷം നോബി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ കാരണം വ്യക്തമല്ല.