അഴിമതിയുടെ പ്രതീകമായ ആദര്‍ശ് ഫഌറ്റ് സമുച്ചയം പൊളിക്കണം; അഴിമതിക്കാരായ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണം; മുംബൈ ഹൈക്കോടതി ഉത്തരവ് ശ്രദ്ധേയം

മുംബൈ: അഴിമതിയുടെ പ്രതീകമായ മുംബൈയിലെ ആദര്‍ശ് ഫഌറ്റ് സമുച്ചയം പൊളിച്ചുനീക്കാന്‍ മുംബൈ ഹൈക്കോടതി ഉത്തരവ്. രാഷ്ട്രീയക്കാര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആദര്‍ശ് അഴിമതിയില്‍പെട്ട എല്ലാവര്‍ക്കെതിരെയും ബോംബെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. പരിസ്ഥിതി അനുമതിയില്ലാതെയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു. കാളാബയിലെ നാവിക കേന്ദ്രത്തിന്റെ 200 മീറ്റര്‍ ദൂരപരിധിയിലാണു വിവാദമായ ആദര്‍ശ് ഹൗസിങ് സൊസൈറ്റി കെട്ടിടം. നവംബര്‍ 26 ആക്രമണത്തിന് തീവ്രവാദികള്‍ വന്നിറിങ്ങിയ കഫ് പരേഡ് മേഖലയിലാണു കെട്ടിട സമുച്ചയം. കെട്ടിടത്തിന്റെ പാര്‍ക്കിങ് മേഖലയില്‍ നിന്നാല്‍ കൊളാബ നാവികകേന്ദ്രം വ്യക്തമായി കാണാം. തീവ്രവാദി ആക്രമണ സാധ്യതയുളള മേഖലയില്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ പല തവണ സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയെങ്കിലും സമുച്ചയം നിര്‍മാണത്തിനെതിരെ നടപടിയൊന്നുമുണ്ടായില്ല. ആറുനില പണിയാന്‍ അനുമതിയുള്ള മേഖലയില്‍ ഉയരപരിധി ചട്ടങ്ങള്‍ ലംഘിച്ച് 31 നിലയാണു പണിതിരിക്കുന്നത്. 30 മീറ്റര്‍ ഉയരത്തില്‍ മാത്രം കെട്ടിട നിര്‍മാണത്തിന് അനുമതിയുളളിടത്ത് 100 മീറ്റര്‍ ഉയരത്തിലാണ് ആദര്‍ശ് സമുച്ചയം. 600 മുതല്‍ 1000 ചതുരശ്ര അടിവരെയുള്ള 104 ഫഌറ്റുകളാണു കെട്ടിടത്തിലുള്ളത്. ഒരു നിലയില്‍ നാലു ഫഌറ്റുകള്‍ വീതമാണുള്ളത്. യുപിഎ സര്‍ക്കാറിന്റെ രാജ്യത്തെ പിടിച്ചുകുലുക്കിയ അഴിമതിക്കേസിലാണ് കോടതി വിധി വന്നിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.