തിരുവനന്തപുരം: എസ്എന്‍ഡിപിക്കും എസ്എന്‍ ട്രസ്റ്റിനും യുഡിഎഫ് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയതിന്റെ തെളിവുകള്‍ പുറത്ത്. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ തീക്കോയി വില്ലേജിലാണ് 2012ല്‍ സൗജന്യമായി ഭൂമി നല്‍കിയിരിക്കുന്നത്. 25 ഏക്കര്‍ ഭൂമിയാണ് നല്‍കിയിരിക്കുന്നത്. വാഗമണിലെ അതീവ പരിസ്ഥിതി ലോല മേഖലയില്‍ 10 ഏക്കര്‍ ഭൂമി എസ്.എന്‍ ട്രസ്റ്റിന് സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കാന്‍ 10 ഏക്കര്‍ ഭൂമി നല്‍കിയത്. എസ്.എന്‍.ഡി.പിക്ക് വിദ്യാഭ്യാസ സ്ഥാപനത്തിനായി 15 ഏക്കര്‍ ഭൂമിയുമാണ് നല്‍കിയിരിക്കുന്നത്. വാഗമണ്‍ ടൗണില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയുള്ള കുന്നില്‍ചെരിവാണ് പതിച്ചുനല്‍കിയിരിക്കുന്നത്. മുന്‍പ് ഈ മേഖലയില്‍ മിച്ചഭൂമിയായി 65 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നാണ് എസ്.എന്‍.ഡി.പി മീനച്ചില്‍ യൂണിയന്റെ അപേക്ഷ പരിഗണിച്ച് ഭൂമി അനുവദിച്ചത്. 2008ലാണ് എസ്.എന്‍.ഡി.പി യോഗം ഭൂമിക്ക് അപേക്ഷ നല്‍കിയത്. ലാന്‍ഡ് റവന്യൂ വകുപ്പിന്റെ ശിപാര്‍ശയോടെ 2012 മാര്‍ച്ചില്‍ കോട്ടയം ജില്ലാ കളക്ടര്‍ ഭൂമി അനുവദിക്കുകയായിരുന്നു. എസ്.എന്‍.ഡി.പിയുടെ പേരിലാണ് ആദ്യം അപേക്ഷ നല്‍കിയിരുന്നതെങ്കിലും ഭൂമി എസ്.എന്‍ ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റി നല്‍കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി 2012ല്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഉത്തരവ് ഭേദഗതി ചെയ്ത് 2012 സെപ്തംബറില്‍ എസ്.എന്‍. ട്രസ്റ്റിന് വിദ്യാഭ്യാസ, സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കാന്‍ 10 ഏക്കര്‍ അനുവദിച്ചത്. മറ്റ് മതസ്ഥാപനങ്ങള്‍ക്കും ഈ പ്രദേശത്ത് ഭൂമിയുണ്ടെന്നും ഭാവിയില്‍ ഒരു മതസൗഹാര്‍ദ്ദ കേന്ദ്രമായി വളര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് വന്‍കിടക്കാര്‍ക്കും സമുദായസംഘടകള്‍ക്കും മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഭൂമി ദാനം ചെയ്തതിന്റെ വിവരങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്.