ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷ (നാഷണല്‍ എലിജബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് ) മതിയെന്ന് സുപ്രീംകോടതി ഉത്തരവ് വ്യക്തമാക്കിയതോടെ സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ പ്രവേശ പരീക്ഷ അസാധുവായി. രണ്ടുഘട്ടമായി പരീക്ഷ നടത്താനാണ് സിബിഎസ്ഇ തീരുമാനം. ആദ്യ പരീക്ഷ മെയ് ഒന്നിനാണ്. രണ്ടാമത്തേത് ജൂണ്‍ 24നും. ഫലപ്രഖ്യാപനം ഓഗസ്റ്റ് 17ന് നടക്കും. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. വിദ്യാര്‍ഥികള്‍ ഇനി വിവിധ പ്രവേശന പരീക്ഷകള്‍ എഴുതേണ്ടതില്ല. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്ന് കോടതി പറഞ്ഞു. ഈ വര്‍ഷംതന്നെ പൊതുപ്രവേശന പരീക്ഷ നടത്താന്‍ തയാറാണെന്നു കേന്ദ്രസര്‍ക്കാരും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും (എംസിഐ) സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. സമയക്രമം വ്യാഴാഴ്ച അറിയിക്കാന്‍ ജഡ്ജിമാരായ അനില്‍ ആര്‍.ദവെ, ശിവകീര്‍ത്തി സിങ്, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. സുപ്രീംകോടതി വിധി ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ സ്വാഗതം ചെയ്തു.