കടുത്ത ചൂടില്‍ നാല് വര്‍ഷത്തിനിടെ മരിച്ചരുടെ എണ്ണം നാലായിരം; ഉഷ്ണത്തില്‍ വെന്തുരുകി കേരളം

ന്യൂഡല്‍ഹി: അസഹ്യ ചൂടിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്ത് 4204 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മന്ത്രി വൈ.എസ് ചൗധരിയാണ് ലോക്‌സഭയില്‍ നല്‍കിയ കണക്കുകള്‍ പ്രകാരമാണിത്. ഈ വര്‍ഷം മാത്രം ചൂട് മൂലം 87 പേരാണ് മരിച്ചത്. ഇവരില്‍ 56 പേര്‍ തെലുങ്കാനയില്‍ നിന്നും 19 പേര്‍ ഒഡീഷയില്‍ നിന്നുമാണ്. ആന്ധ്രാപ്രദേശില്‍ എട്ടുപേരും മഹാരാഷ്രട, തമിഴ്‌നാട,് കേരളം കര്‍ണാടക എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ് മരണപ്പെട്ടത്. 2013 ല്‍ ചൂടുകാരണം 1433 പേരാണ് മരിച്ചത്. ഇതില്‍ 1,393 പേര്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ്. 2014 ല്‍ മരണമടഞ്ഞവരുടെ സംഖ്യ 549 ആയി കുറഞ്ഞുവെങ്കിലും 2015ല്‍ ഇത് 2135 ആയി ഉയര്‍ന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ രാജ്യത്താകമാനം ചൂട് സാധാരണ നിലയിലും ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്നലെയും ഇന്നും കടുത്ത ഉഷ്ണമാണ് കേരളത്തിലുള്‍പ്പെടെ അനുഭവപ്പെടുന്നത്. 40 ഡിഗ്രി സെല്‍ഷ്യസിലാണ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ 11നും മൂന്നിനും ഇടയില്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

© 2024 Live Kerala News. All Rights Reserved.