പരവൂര്‍ വെടിക്കെട്ട് മത്സരകമ്പമാണെന്ന് കാണിച്ച് സ്ഥലം എസ്‌ഐ സിറ്റി കമ്മീഷണര്‍ക്ക് മുമ്പെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു; റിപ്പോര്‍ട്ട് അവഗണിച്ചത് ദുരന്തത്തിന് കാരണമായതായി തെളിവുകള്‍

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് മത്സരകമ്പമാണെന്ന് കാണിച്ച് സ്ഥലം എസ്‌ഐ ജസ്റ്റിന്‍ ജോണ്‍ കൊല്ലം സിറ്റിപോലീസ് കമ്മീഷണര്‍ക്ക് മുമ്പെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദുരന്തം നടക്കുന്നതിന് മുന്‍പ് കഴിഞ്ഞ മാസം 29 ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് അവഗണിച്ചാണ് സിറ്റി പൊലീസ് കമ്മീഷണറടക്കമുള്ള പൊലീസുകാര്‍ മത്സരകമ്പം നടത്താന്‍ എല്ലാ സൗകര്യവുമൊരുക്കി നല്‍കിയത്.

പുറ്റിങ്ങലില്‍ അപകട സാധ്യതയുണ്ടെന്നും ആള്‍നാശവും വന്‍ നാശനഷ്ടവും വരെ ഉണ്ടാകാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പു നല്‍കുന്നതാണ് റിപ്പോര്‍ട്ട്. കമ്പം നടത്താന്‍പോകുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം ചുറ്റിനും താമസിക്കുന്ന കുടുംബങ്ങള്‍ തുടങ്ങിയ വിവരങ്ങളും ജില്ലാ ഭരണകൂടത്തിന്റേയും വില്ലേജ് ഓഫീസറുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു എസ്‌ഐയുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ക്ഷേത്ര കമ്മിറ്റിയും കരാറുകാരായ അനാര്‍ക്കലിയും ഉമേഷ്‌കുമാറുമായും തമ്മിലുണ്ടാക്കിയ കരാറിന്റെ പകര്‍പ്പും മത്സര കമ്പം നടക്കുമെന്നതിന്റെ തെളിവായി സമര്‍പ്പിച്ചിരുന്നു. ക്ഷേത്രാചാര പ്രകാരമുള്ള കരിമരുന്നു പ്രയോഗം പോലും നിശ്ചിത അളവിലും സമയത്തും നിയമം പാലിച്ച് കണ്‍ട്രോളര്‍ ഓഫ് എക്‌സപ്ലോസീവിന്റെ മേല്‍നോട്ടത്തില്‍ നത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

© 2024 Live Kerala News. All Rights Reserved.