കോഴിക്കോട്: മതങ്ങളിലെ അനാചാരങ്ങളെയും അരാജകത്വത്തെയും വിമര്‍ശിക്കുന്ന ഫെയ്‌സ്ബുക്കിലെ ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പ് അഡ്മിനെ വധിക്കാന്‍ ഇസ്ലാമിക
മതമൗലീകവാദികളുടെ ആഹ്വാനം. ഭരണകൂടത്തെയും മൗലീകവാദത്തെയും വിമര്‍ശിക്കുന്ന ബ്ലോഗര്‍മാരെ നിര്‍ദാക്ഷണ്യം കൊന്നൊടുക്കുന്ന ഭീകരവാകികളുടെ മോഡല്‍
ആക്രമണത്തിനാണ് ബ്ലോഗിലൂടെ ആഹ്വാനം ചെയ്യുന്നത്. ഫേസ്ബുക്കില്‍ മതവും മതവിശ്വാസവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്നതും മതങ്ങളിലെ അനാചാരങ്ങളെ ശക്തിയുക്തം വിമര്‍ശിക്കുകയും ചെയ്യുന്ന ഗ്രൂപ്പാണ് ഫ്രീതിങ്കേഴ്‌സ്. ഈ ഗ്രൂപ്പിനെ നിയന്ത്രിക്കുന്നവരെ കൊലപ്പെടുത്തണമെന്നാണ് ‘മുജാഹിര്‍ 2015’ എന്ന ബ്ലോഗിലൂടെ ആഹ്വാനം ചെയ്തിട്ടുള്ളത്.
ജിഹാദിന്റെ യശസ് നിഷേധിച്ച ഇന്ത്യന്‍ മുസ്ലീങ്ങള്‍ എന്ന തലക്കെട്ടില്‍ അഡ്മിന്‍ പാനലിലുള്ളവരുടെ ഫോട്ടോ ഉള്‍പ്പെടെയാണ് ബ്ലോഗ് വധാഹ്വാനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ ബ്ലോഗിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള ചിത്രങ്ങളാണ് ബ്ലോഗിന്റെ പിന്നില്‍ നല്‍കിയിരിക്കുന്നതെന്നുള്ളത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വിമര്‍ശനം എന്ന പേരില്‍ മതത്തേയും മതവിശ്വാസത്തേയും അവേഹളിക്കുകയും സമുദായത്തിലുള്ള മറ്റുള്ളവരെക്കൂടി മതത്തില്‍ നിന്നും അകറ്റുകയും ചെയ്യുന്ന ഇവരെപ്പോലുള്ളവര്‍ സമൂഹത്തില്‍ നെഞ്ചും വിരിച്ച് നടക്കുന്നത് സമുദായത്തിന്റെ പോരായ്മയാണെന്നും ബ്ലോഗില്‍ പറയുന്നു. ദൈവവിശ്വാസമില്ലാത്തവര്‍ ദൈവത്തിന്റെ ദൂതനെ തെറിവിളിച്ച് നടക്കുന്നുണ്ടെങ്കില്‍ അത് സമുദായത്തിന്റെ കുഴപ്പമാണെന്നും അങ്ങനെയുള്ളവര്‍ മരിക്കേണ്ടവരാണെന്നും ബ്ലോഗ് പറയുന്നു. ഭീകരവാദത്തിന്റെ ആഴം രാജ്യത്ത് വര്‍ധിച്ചുവരുന്നതിന്റെ ഉദാഹരണമായാണിതിനെ സോഷ്യല്‍മീഡിയ കാണുന്നത്.