റിപ്പോര്‍ട്ടര്‍ ടിവിയിലെ ഓഹരികള്‍ സംബന്ധിച്ച് നികേഷിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് വി എസിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാന്‍ നീക്കമുള്ളതായും കത്തില്‍ പരാമര്‍ശം

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിയിലെ ഓഹരിക്രമക്കേടുമായി ബന്ധപ്പെട്ട് എം വി നികേഷ് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ കത്ത് നല്‍കി. വൈസ് ചെയര്‍മാന്‍ ലാലി ജോസഫിന്റെ ഓഹരികള്‍ തട്ടിയെടുത്തെന്ന കേസിലാണ് വിഎസ് അന്വേഷണം ആവശ്യപ്പെട്ടത്. ് അച്യുതാനന്ദന്‍ ഡിജിപി ടിപി സെന്‍കുമാറിനാണ് കത്തു നല്‍കിയത്. ഇത് സംബന്ധിച്ച് ലാലി ജോസഫ് നല്‍കിയ രേഖകളും വിഎസ് ഡിജിപിക്ക് കൈമാറി.വിഎസ് ഡിജിപിക്ക് നല്‍കിയ കത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെ ‘ റിപ്പോര്‍ട്ടര്‍ ടിവി വൈസ് ചെയര്‍മാന്‍ ലാലി ജോസഫിനെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഡയറക്ടര്‍ ആക്കാമെന്നും സിംഹഭാഗം ഇക്വറ്റി ഓഹരികള്‍ നല്‍കാമെന്നും ഉറപ്പു നല്‍കി റിപ്പോര്‍ട്ടര്‍ ടിവി തുടങ്ങുന്നതിന് വേണ്ടി ശ്രീമതി ലാലി ജോസഫിന്റെ കൈയില്‍ നിന്നും ഒന്നരക്കോടി രൂപ വാങ്ങിയ ശേഷം കമ്പനിയുടെ ഘടന രഹസ്യമായി മാറ്റി നികേഷും ഭാര്യ റാണിയും മാത്രം ഡയറക്ടറായി തട്ടിപ്പ് നടത്തിയതിനെക്കുറിച്ച് അന്വേഷണം വേണം. ശ്രീമതി ലാലി ജോസഫിന് നല്‍കിയ ഇക്വിറ്റി ഷെയറുകള്‍ നികേഷ് കുമാര്‍ തട്ടിയെടുത്തു എന്ന് തൊടുപുഴ ഡിവൈഎസ്പിയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെ തുടര്‍ന്ന് തൊടുപുഴ പൊലീസ് നികേഷിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. നികേഷ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഞാന്‍ ഇതോടൊപ്പം നല്‍കുന്നു. സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ ഈ ഓഹരിത്തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെടുന്നു’. ലാലിയ വിഎസിനെ കണ്ടതിന് പിന്നാലെയാണ് അദേഹം ഡിജിപിക്ക് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.