തൃശൂര്‍ പൂരത്തിന് ആനകള്‍ക്ക് പീഡനമേറ്റ സംഭവത്തില്‍ വനമന്ത്രിയും ജില്ലാ കളക്ടറും പൊലീസ് കമ്മീഷണറും പ്രതിക്കൂട്ടില്‍; അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് മന്ത്രിയുള്‍പ്പെടെ കുറ്റക്കാരനാണെന്ന കണ്ടെത്തല്‍

കൊച്ചി: തൃശൂര്‍ പൂരത്തിന് ആനകള്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ മന്ത്രിയും കളക്ടറും ഉള്‍പ്പെടെ പ്രതിക്കൂട്ടിലായത്. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ പ്രതിനിധികള്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തൃശൂര്‍ ജില്ലാ കലക്ടര്‍ വി. രതീശന്‍, തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. സൈമണ്‍, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. എ.സി. മോഹന്‍ ദാസ്, ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ എന്‍. പ്രേം ചന്ദര്‍ എന്നിവരെ പേരെടുത്ത് വിമര്‍ശിക്കുന്നത്. ഇവര്‍ ചട്ടം ലംഘിക്കാന്‍ കൂട്ടുനിന്നതായും ആനപീഡനം കണ്ടില്ലെന്ന് നടിച്ചുമാണ് റിപ്പോര്‍ട്ട് പറയുന്നത്. സുപ്രീംകോടതിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലും ഇവര്‍ക്ക് എതിരായ പരാമര്‍ശങ്ങളുണ്ട്. ഏപ്രില്‍ 16ന് ഉച്ചക്ക് രണ്ടുമണിക്ക്, പൂരത്തിന് അണിനിരത്തുന്ന ആനകളുടെ സുരക്ഷാ ഫിറ്റ്‌നസ് പരിശോധന നടത്തുന്ന തൃശൂര്‍ സ്വരാജ് ഗ്രൗണ്ടിലെ ക്യാമ്പില്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് പ്രതിനിധി സംഘം എത്തിയെങ്കിലും പ്രവേശാനുമതി നിഷേധിച്ചു. തുടര്‍ന്ന്, ജില്ലാ കളക്ടര്‍ വി. രതീശനോട് അനുമതിക്കുവേണ്ടി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പലവട്ടം അഭ്യര്‍ഥന ആവര്‍ത്തിച്ചപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍, മൃഗക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വേണമെങ്കില്‍ ക്യാമ്പ് സന്ദര്‍ശിക്കാനായിരുന്നു നിര്‍ദേശം. ഫിറ്റ്‌നസ് പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ അനര്‍ഹമായി ഇളവുകള്‍ നല്‍കുന്നത് കണ്ടത്തെുന്നത് തടയുകയായിരുന്നു ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്ന്, ആനകളെ പരിശോധിക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. സൈമണിനെ ബന്ധപ്പെട്ടപ്പോള്‍, തൃശൂര്‍ പൂരം വലിയൊരു വിഭാഗത്തിന്റെ വൈകാരിക പ്രശ്‌നമാണെന്നും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങള്‍ പരിശോധന നടത്തുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞ് പരിശോധന നിഷേധിക്കുകയായിരുന്നു. ആനപീഡനുവുമായി ബന്ധപ്പെട്ട് മന്ത്രി തിരുവഞ്ചൂര്‍ ഉള്‍പ്പെടെ പ്രതിക്കൂട്ടിലാണെന്നിരിക്കെ സുപ്രീംകോടതിയുടെ ഇടപെടലിലാണ് പ്രതീക്ഷ.

© 2024 Live Kerala News. All Rights Reserved.