ജെഎന്‍യു സര്‍വകലാശാല അധികൃതരുടെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് വീണ്ടും വിദ്യാര്‍ഥി സമരത്തിന് കളമൊരുങ്ങി; ക്യാമ്പസ് സമരച്ചൂടിലേക്ക് പോകുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അധ്യാപകരും

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ആരോപിച്ച ജയിലിടച്ചിരുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടിയുമായി നീങ്ങുന്ന സര്‍വകലാശാലയ്ക്കെതിരെ വീണ്ടും സമരത്തിനൊരുങ്ങി വിദ്യാര്‍ത്ഥികള്‍. സമരത്തിന് പൂര്‍ണ്ണപിന്തുണയുമായി അധ്യാപകരും. ഫെബ്രുവരി ഒമ്പതിന് നടന്ന അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങ് വിവാദം അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ്, ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്റര്‍ പുറത്തിരുത്താനും കനയ്യ കുമാറിന് 10,000 രൂപ പിഴ ചുമത്താനും ഉമര്‍ ഖാലിദിന് 20,000 രൂപ പിഴയിടാനുമാണ് സര്‍വകലാശാല തീരുമാനം എടുത്തിരുന്നത്. കൂടാതെ ജെഎന്‍യു സംഭവത്തില്‍ അറസ്റ്റിലായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും സര്‍വകലാശാല നടപടി എടുത്തിട്ടുണ്ട്. അനിര്‍ബന്‍ ഭട്ടാചാര്യയെ ജൂലൈ 15 വരെ ക്യാമ്പസില്‍നിന്നു പുറത്താക്കി. കൂടാതെ, അടുത്ത അഞ്ചു വര്‍ഷത്തേക്ക് ജെഎന്‍യുവില്‍ ഏതെങ്കിലും കോഴ്സ് ചെയ്യുന്നതില്‍നിന്നു അദ്ദേഹത്തെ വിലക്കി. അശുതോഷിന് ജെഎന്‍യു ഹോസ്റ്റലില്‍ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിനു പുറമേ 20,000 രൂപ പിഴയും ചുമത്തി. സൗരഭ് ശര്‍മ്മയ്ക്ക് 10,000 രൂപ പിഴ അടയ്ക്കാനും മുജീബ് ഗാട്ടുവിനെ രണ്ട് സെമസ്റ്ററിലും ക്യാമ്പസില്‍ നിന്നും പുറത്താക്കാനും സര്‍വകലാശാല ഉത്തരവിറക്കിയിട്ടുണ്ട്. ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ഇരുവര്‍ക്കമെതിരെ രാജ്യദ്രഹ കുറ്റാരോപണത്തില്‍ തെളിവുകളില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന കോടതി വെറുതെ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജെഎന്‍യു ക്യാമ്പസ് വീണ്ടും പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്. ജെഎന്‍യുവിലെ സമരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.