ഭിക്ഷയെടുക്കുന്നതിലും നല്ലതല്ലെ ബാറില്‍ ഡാന്‍സ് ചെയ്യുന്നത്? ഡാന്‍സ് ഒരു പ്രൊഫഷനാണ്. അത് അശ്ലീലമായാല്‍ അതിന്റെ നിയമപരമായ പവിത്രത നഷ്ടമാകും. സര്‍ക്കാരിന്റെ നിയന്ത്രണ സംവിധാനങ്ങള്‍ക്ക് അവ നിരോധിക്കാനാകില്ലെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരുവില്‍ ഭിക്ഷയാചിക്കുന്നതിലും നല്ലതല്ലെ ബാറില്‍ ഡാന്‍സ് ചെയ്യുന്നതെന്ന് സുപ്രീംകോടതി. ഡാന്‍സ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാത്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രീം കോടതി ഇങ്ങനെ ചോദിച്ചത്. ഡാന്‍സ് ഒരു പ്രൊഫഷനാണ്. അത് അശ്ലീലമായാല്‍ അതിന്റെ നിയമപരമായ പവിത്രത നഷ്ടമാകും. എന്നിരുന്നാലും സര്‍ക്കാരിന്റെ നിയന്ത്രണ സംവിധാനങ്ങള്‍ക്ക് അവ നിരോധിക്കാനാകില്ല. കോടതി വ്യക്തമാക്കി. സ്ത്രീകളെ സംബന്ധിച്ച് തെരുവുകളില്‍ ഭിക്ഷയാചിച്ചും സ്വീകാര്യമല്ലാത്ത മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും ജീവിക്കുന്നതിനേക്കാള്‍ നല്ലത് ബാറുകളിലെ ഡാന്‍സ് തന്നെയാണ് കോടതി ചൂണ്ടിക്കാട്ടി. ഈ മാസം പന്ത്രണ്ടിനാണ് നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉറപ്പുവരുത്തുന്ന ഡാന്‍സ് ബാര്‍ റെഗുലേഷന്‍ ബില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പാസാക്കിയത്. ബാറുകളില്‍ നിയമലംഘനം, വനിതാ ജീവനക്കാരെ ദുരുപയോഗം ചെയ്യല്‍, അശ്ലീല പ്രവൃത്തികള്‍ എന്നിവ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ഉടമകളില്‍ ചുമത്തപ്പെടുന്നതാണ് ബില്‍. കുറ്റം തെളിയിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും 25,000 രൂപ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. ഇതാണ് സുപ്രീംകോടതി പൊളിച്ചടുക്കിയത്.

© 2024 Live Kerala News. All Rights Reserved.