ഇന്ത്യാവിഷന്‍ പ്രതിനിധി കോഴിക്കോട് സൗത്തില്‍ സ്ഥാനാര്‍ഥിയാകുന്നു; മന്ത്രി എം കെ മുനീറിനെതിരെ പടക്കളത്തിലുള്ളത് ഇന്ത്യാവിഷന്‍ ഡ്രൈവര്‍ എ കെ സാജന്‍

കോഴിക്കോട്: മന്ത്രി എം കെ മുനീറിനെതിരെ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ ഇന്ത്യാവിഷന്‍ ഡ്രൈവറായിരുന്ന എ കെ സാജനാണ് സ്ഥനാര്‍ഥിയാകുന്നത്. ‘ഞങ്ങളുടെ ശമ്പളമെടവിടെ’ യെന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചാണ് കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സാജന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തുള്ളത്. 2003 നല്‍ ഇന്ത്യാവിഷന്റെ തുടക്കകാലം മുതല്‍ സാജന്‍ ചാനലിലൊപ്പമുണ്ട്. ആറ് വര്‍ഷം മുമ്പ് സാജന്‍ ഇന്ത്യാവിഷന്റെ സ്ഥിരം ജീവനക്കാരനായി. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് ഇന്ത്യാവിഷന്‍ പുറത്തവിട്ടപ്പോള്‍ സ്ഥാപനത്തിനെതിരെ നിരവധി തവണ ആക്രമണങ്ങളുണ്ടായിരുന്നു. സാജനുള്‍പ്പെടെയുള്ളവരെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പല തവണ ആക്രമിച്ചിരുന്നു. കൂടാതെ രാഷ്ട്രീയ സംഘര്‍ഷങ്ങളിലുള്‍പ്പെടെ മര്‍ദ്ധനമേറ്റ സാജന്‍ ആശുപത്രിയിലായ സംഭവവും ഇന്ത്യാവിഷന്റെ പ്രതാപകാലത്തിന്റെ ഓര്‍മ്മകളാണ്. 2015 ഫെബ്രുവരിയില്‍ ചാനല്‍ പൂട്ടിയതോടെ നിരവധി ജീവനക്കാരാണ് വഴിയാധാരമായത്. ജേര്‍ണ്ണലിസ്റ്റുകളില്‍ ഏറെക്കുറെ എല്ലാവരുംതന്നെ ഇതര സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. ജേര്‍ണലിസ്റ്റിതര ജീവനക്കാരില്‍ പ്രബലവിഭാഗം ഇപ്പോഴും പുറത്തുണ്ട്. ചാനല്‍ പൂട്ടിയത് മുതല്‍ ജീവനക്കാരുടെ നാല് മാസത്തെ ശമ്പളം, ബ്യൂറോ എക്‌സ്‌പെന്‍സ്, ടാക്‌സി വാടക, ഓഫീസ് വാടക എന്നിയൊന്നും നല്‍കിയിരുന്നില്ല. ഇത് പലപ്രാവശ്യം മുനീറിനെ കണ്ട് ആവശ്യപ്പെട്ടിട്ടും ഗുണമില്ലാതെ വന്നതോടെയാണ് ജീവനക്കാര്‍ ഒറ്റക്കെട്ടായി മന്ത്രി എം കെ മുനീറിനെതിരെ മത്സരിക്കാന്‍ ഇന്ത്യാവിഷന്‍ പ്രതിനിധിയായി സാജനെ രംഗത്തിറക്കിയിരിക്കുന്നത്. കോഴിക്കോടുള്ള മാധ്യമപ്രവര്‍ത്തകരുടെ വലിയൊരു നിരതന്നെ സാജനൊപ്പം അണിനിരക്കും. കൂടാതെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തുള്ളവരും പിന്തുണ അറിയിച്ചിട്ടുണ്ട്. അടുത്തദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതോടെ സാജന്‍ മണ്ഡലത്തില്‍ സജീവമാകും.

© 2024 Live Kerala News. All Rights Reserved.