അലിഗഢ്: അലിഗഢ് മുസ്‌ലീം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷം ശാന്തമാക്കാന്‍ എത്തിയ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്. സര്‍വകലാശാല പ്രോക്ടറുടെ ഓഫീസും നിരവധി വാഹനങ്ങളും വിദ്യാര്‍ത്ഥികള്‍ തകര്‍ത്തു.
ഇന്നലെ രാത്രിയോടെയാണ് സര്‍വകലാശാലയിലെ രണ്ട് വിഭാഗം വരുന്ന വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസെത്തുകയും വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാനായി വെടിയുതിര്‍ക്കുകയും ചെയ്തു. ഇതിനിടെയാണ് ഒരുവിദ്യാര്‍ത്ഥിക്ക് വെടിയേല്‍ക്കുന്നത്. ഇപ്പോഴും സര്‍വകലാശാലയില്‍ സംഘര്‍ഷം തുടരുകയാണ്. കനത്ത സുരക്ഷാസംവിധാനങ്ങളാണ് കാമ്പസിനകത്ത് ഒരുക്കിയിട്ടുണ്ട്. നിരവധി പൊലീസുകാരെയും കാമ്പസില്‍ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ വലിയ നാശനഷ്ടം തന്നെയാണ് വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. കാമ്പസിലെയും പുറത്തേയും നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. രാത്രി 2 മണിയോടെ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയവിഷയങ്ങളാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല.