75 മുതല്‍ 81 സീറ്റ് വരെ നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരും;ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് 29 ശതമാനംപേര്‍; വി എസിന് 26 ശതമാനം; ബിജെപി അഞ്ച് സീറ്റുകള്‍ വരെ നേടും; ഏഷ്യാനെറ്റ്-സീ ഫോര്‍ രണ്ടാംഘട്ട സര്‍വേ പുറത്ത്

കൊച്ചി: ഏഷ്യനെറ്റ് സീ ഫോര്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട സര്‍വെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വരുമ്പോള്‍ 75 മുതല്‍ 81 സീറ്റ് വരെ നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് ഫലം. യുഡിഎഫിന് 56 മുതല്‍ 62 സീറ്റ് വരെ ലഭിക്കും. ബിജെപി സഖ്യത്തിന് 3 മുതല്‍ അഞ്ച് സീറ്റ് വരെ ലഭിക്കും. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് 29 ശതമാനം പേര്‍ വോട്ട് ചെയ്തപ്പോള്‍ വിഎസ് അത്യുതാനന്ദന് 26 ശതമാനം പേര്‍ പിന്തുണച്ചു. പിണറായി വിജയനും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും 16 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. രമേശ് ചെന്നിത്തലയ്ക്ക് 6 ശതമാനം പേരുടെ വോട്ടും കെപിസിസി അധ്യക്ഷന് 4 ശതമാനം പേരുടെ വോട്ടുമാണ് ലഭിച്ചത്.
യുഡിഎഫിന്റെ മദ്യ നിരോധനത്തെക്കാള്‍ എല്‍ഡിഎഫിന്റെ മദ്യ വര്‍ജ്ജനമാണ് നല്ലതെന്ന് 50 ശതമാനം പേര്‍ വോട്ട് ചെയ്തു. പ്രതിപക്ഷത്തിന്റെ പ്രകടനം ശരാശരി മാത്രമാണെന്ന് 42 ശതമാനം പേര്‍ പ്രതികരിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് എടുത്ത ഭൂമിദാന ഉത്തരവുകള്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും അഭിപ്രായ സര്‍വെ. വിവാദമായ ഭൂമിദാന ഉത്തരവുകള്‍ യുഡിഎഫിനും തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് 52 ശതമാവും അതെ എന്നും 27 ശതമാനം തിരിച്ചടിയാവില്ലെന്നും പറയുന്നുണ്ട്. അക്രമരാഷ്ട്രീയം സിപിഎമ്മിനെ പ്രതികൂലമാവുമെന്ന് 48 ശതമാനം പേരും വിശ്വസിക്കുന്നു. ഇടത് അധികാരത്തിലെത്തിയാല്‍ വിഎസിനെ മുഖ്യമന്ത്രിയാക്കുമെന്ന് 48 ശതമാനം. വിഎസ് മുഖ്യമന്ത്രിയായാല്‍ പിണറായി രണ്ടാമനാവില്ലെന്ന് 45 പേരും ചിന്തിക്കുന്നു. വിഎസ് മത്സരിക്കാതെ മുന്നണിയെ നയിച്ചാല്‍ ഇടത് അധികാരത്തിലെത്തുമെന്ന് 44 ശതമാനം പേരും വിശ്വസിക്കുന്നു. കേരളത്തില്‍ മൂന്നാം മുന്നണി വേണമെന്ന് 47 ശതമാനം പേരും ചിന്തിക്കുന്നു. ഇതിനായി പരിഗണിക്കുന്നത് 51 ശതമാനം പേരും ചിന്തിക്കുന്നതും ബിജെപിയെ തന്നെയാണ്. ബിഡിജെഎസിന് നിര്‍ണായക സ്വാധീനമുണ്ടാവില്ലെന്നാണ് കൂടുതല്‍ പേരും ചിന്തിക്കുന്നത്. എല്‍ഡിഎഫിന് അനുകൂലമാണ് സര്‍വേയെങ്കിലും കേവലഭൂരിപക്ഷത്തിലേക്കെത്തല്‍ കടുത്ത പരീക്ഷണമാവുമെന്ന് തന്നെയാണ് പല സര്‍വേകളും സൂചിപ്പിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.