കണ്ണൂര്‍: ആഹാരമില്ലാതെ വിശപ്പ് സഹിക്കവയ്യാതെ പതിനഞ്ചുകാരിയായ ആദിവാസി പെണ്‍കുട്ടിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ദിവസങ്ങളായി ആഹാരം കിട്ടാതെ ആദിവാസി പെണ്‍കുട്ടി ജീവനൊടുക്കി. പേരാവൂര്‍ പഞ്ചായത്തിലെ ചെങ്ങോത്ത് പൊരുന്നന്‍ രവിയുടെയും മോളിയുടെയും മകള്‍ ശ്രുതിമോളാ(15)ണ് വിശപ്പ് സഹിക്കാനാകാതെ ആത്മഹത്യ ചെയ്തത്. കേളകം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്‌ളാസ് വിദ്യാര്‍ഥിനിയാണ്. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും ഇനിയും വിശപ്പ് സഹിക്കാന്‍ കഴിയില്ലെന്നും എഴുതിവെച്ചശേഷമാണ് ശ്രുതിമോള്‍ ജീവനൊടുക്കിയത്. ശ്രുതിയും അച്ഛമ്മ ഉപ്പാട്ടിയുമായിരുന്നു കുറേ ദിവസമായി വീട്ടിലുണ്ടായിരുന്നത്. കശുവണ്ടി സീസണായതിനാല്‍ രവിയും മോളിയും ഇളയ മകന്‍ അക്ഷയും കൊട്ടിയൂര്‍ പന്ന്യാംമലയിലെ കശുമാവ് തോട്ടത്തില്‍ കശുവണ്ടി പെറുക്കാന്‍ പോയിരുന്നു. ബുധനാഴ്ച ശ്രുതിയുടെ വീടിന് സമീപത്തെ അങ്കണവാടിയില്‍ കൌമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ക്‌ളാസുണ്ടായിരുന്നു. എല്ലാവരും ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോയെങ്കിലും ഭക്ഷണമില്ലാത്തതിനാല്‍ ശ്രുതിമോള്‍ പോയില്ല. വൈകിട്ട് നാലോടെയാണ് തിരിച്ചുപോയത്. പ്രമേഹരോഗിയായ അച്ഛമ്മ കിടന്നുറങ്ങുകയായിരുന്നു. ഈ സമയത്താണ് തൂങ്ങിമരിച്ചതെന്ന് കരുതുന്നു. നോട്ട്ബുക്കില്‍ മരണക്കുറിപ്പെഴുതി മേശപ്പുറത്ത് വച്ചിരുന്നത് പൊലീസ് കണ്ടെടുത്തു. പട്ടിണികാരണം ആദിവാസി കുട്ടികള്‍ മാലിന്യതൊട്ടിയിലിറങ്ങി ഭക്ഷണ അവശിഷ്ടങ്ങള്‍ ഭക്ഷിച്ചതും ഇവിടെയായിരുന്നു. വികസനം പറഞ്ഞ് വോട്ടുതേടുന്നവര്‍ വിശപ്പകറ്റാനുള്ള അടിസ്ഥാന വിഭാഗത്തിന്റെ ആവശ്യമെങ്കിലും നിറവേറ്റിക്കൊടുക്കുകയാണ് ആദ്യം വേണ്ടത്.