ന്യൂഡല്‍ഹി: പൊലീസ് കുതിരയുടെ മരണത്തില്‍ വിഷമമുണ്ടെന്ന് ബിജെപി എംഎല്‍എ ഗണേഷ് ജോഷി. താന്‍ തെറ്റുചെയ്തിട്ടില്ലെന്നും കുറ്റക്കാരനാണെങ്കില്‍ തന്റെ കാല്‍ മുറിച്ചുമാറ്റിക്കൊള്ളുവെന്നും ഗണേഷ് ജോഷി പറഞ്ഞു. ഉത്തരാഖണ്ഡില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് ശക്തിമാനെന്ന പൊലീസ് കുതിരയുടെ കാല്‍ ഗണേഷ് ജോഷി തല്ലിയൊടിച്ചത്. ശക്തിമാന്റെ ഒടിഞ്ഞ കാല്‍ മുറിച്ചുമാറ്റുകയും കൃത്രിമകാല്‍ ഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുറിവിലുണ്ടായ അണുബാധയാണ് ശക്തിമാന്റെ ജീവനെടുത്തത്. ശക്തമാന്‍ മരണത്തിന് കീഴടങ്ങിയതോടെ എം.എല്‍എയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പൊലീസ് ഡ്യൂട്ടിയിലായിരുന്ന ശക്തിമാനെ ആക്രമിച്ച് കൊലപ്പെടുത്തിയതോടെ ഒരു പൊലീസ് ഓഫീസറെ തന്നെയാണ് അക്രമികള്‍ കൊന്നിരിക്കുന്നതെന്ന് കേന്ദ്രമന്ത്രിയും മൃഗസ്‌നേഹിയുമായ മനേക ഗാന്ധി പറഞ്ഞു. ശക്തിമാന്റെ മരണത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഗണേഷ് ജോഷിയുടെ പേര് പരാമര്‍ശിക്കാതെയാണ് മനേക പറഞ്ഞത്.