നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കിയത് കേന്ദ്രസര്‍ക്കാറിന് കനത്ത തിരിച്ചടിയായി. ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഗൂഢപദ്ധതിയാണ് ഇതൊടെ പൊളിഞ്ഞത്. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഹരീഷ് റാവത്ത് സര്‍ക്കാരിന് അധികാരത്തില്‍ തുടരാമെന്നാണ് കോടതി വിധി. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ഭരണഘടനയിലെ നിയമം ഏറ്റവും ഒടുവില്‍ ഉപയോഗിക്കേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. ഈ മാസം 29ന് ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടും. നിയമസഭ ചേര്‍ന്നു ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ടു തേടാനിരിക്കേയാണു തലേന്നു രാത്രി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. രാത്രി വളരെ വൈകി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ചുകൂട്ടുകയും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുകയുമായിരുന്നു. ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപി. ഹൈക്കോടതി ഉത്തരവ് ബിജെപി നീക്കങ്ങള്‍ക്കുള്ള താക്കീതായി മാറി.