ഹൈദരാബാദ്: വഴിയരികില്‍ പ്രസവ വേദനയനുഭവിച്ച യുവതിക്ക് പൊലീസിന്റെ കൈ സഹായം. ഹൈദരാബാദിലെ നാരായന്‍ഗുഡയിലുള്ള ഒരു സിനിമാ തിയേറ്ററിന് സമീപമാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയോടെയാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. യുവതി വേദനിച്ച് നിലവിളിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. തുടര്‍ന്ന് ആരോ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് നാരായണ്‍ഗുഡയിലെ പൊലീസ് സ്റ്റേഷനില്‍ നിന്നും ഒരു സംഘം വനിതാ കോണ്‍സ്റ്റബിള്‍മാര്‍ സ്ഥലത്തെത്തി. അപ്പോഴേയ്ക്കും വേദനകൊണ്ട് യുവതി അവശയായിരുന്നു. ആശുപത്രിയിലേക്കെത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നതിനാല്‍ പൊലീസുകാര്‍ യുവതിക്ക് പ്രസവിക്കാനുള്ള സാഹചര്യം ഒരുക്കി നല്‍കി. ചില പൊലീസുകാര്‍ യുവതിയുടെ കൈയിലുണ്ടായിരുന്ന സാരി വലിച്ചുകെട്ടി യുവതി കിടന്നിരുന്ന ഭാഗം മറച്ചു. മറ്റു ചിലര്‍ അടുത്തുള്ള കടയില്‍ പോയി ബെഡ് ഷീറ്റും മറ്റും വാങ്ങി വന്നു. ആളുകള്‍ എത്തി നോക്കാതിരിക്കാനുള്ള സാഹചര്യവും ഒരുക്കി. പ്രസവം നടന്ന ഉടന്‍ യുവതിയേയും കുഞ്ഞിനേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖം പ്രാപിച്ചു വരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.