ന്യൂഡല്‍ഹി: കോഹിനൂര്‍ രത്‌നം തിരികെ കൊണ്ടുവരുന്നതില്‍ മലക്കം മറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍. കോഹിനൂര്‍ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സമവായത്തോടെയുള്ള ശ്രമം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. തിരികെ കൊണ്ടുവരാന്‍ ശ്രമിക്കില്ലെന്ന നിലപാടായിരുന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ സ്വീകരിച്ചിരുന്നത്. ഇത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 20 കോടി ഡോളര്‍ (1300 കോടി രൂപ) വിലമതിക്കുന്ന അമൂല്യമായ കോഹിനൂര്‍ രത്‌നത്തില്‍ ഇന്ത്യക്ക് അവകാശവാദമുന്നയിക്കാന്‍ ആകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ സുപ്രീം കോടതിയെ അറിയിച്ചത്.
കോഹിനൂര്‍ രത്‌നം ബലപ്രയോഗതിലൂടെയോ മോഷണത്തിലൂടെയോ അല്ല ഇന്ത്യയില്‍ നിന്ന് കൊണ്ട് പോയത്. പഞ്ചാബ് മഹാരാജാവായിരുന്ന രഞ്ജിത് സിംഗ് ബ്രിട്ടീഷ് രാജ്ഞിക്ക് സമ്മാനിക്കാന്‍ രത്‌നം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൈമാറുകയായിരുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്രം ഇപ്പോള്‍ ഇങ്ങനെയൊരു നിലപാടെടുത്താല്‍ ഭാവിയില്‍ അവകാശവാദം ഉന്നയിക്കുന്നതില്‍ തടസം നേരിടുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിലപാടാണ് എന്ന് സോളിസിറ് ജനറല്‍ കോടതിയെ അറിയിച്ചത്. കേസില്‍ കക്ഷിയായ വിദേശകാര്യ മന്ത്രാലയം ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. ആറാഴ്ചയ്ക്കകം സര്‍ക്കാര്‍ വ്യക്തമായ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.