കടുത്ത വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയിലെ ലാത്തൂര്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രിയുടെ സെല്‍ഫി വിവാദത്തില്‍; കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിലല്ല സെല്‍ഫിയെടുക്കലിലാണ് മന്ത്രിക്ക് താല്‍പര്യമെന്ന് ആരോപണം

മുംബൈ: കടുത്ത വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയിലെ ലാത്തൂര്‍ സന്ദര്‍ശിക്കാനെത്തിയ ബിജെപി മന്ത്രി പങ്കജ മുണ്ടെ സെല്‍ഫി വിവാദത്തില്‍. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിലായിരുന്നില്ല മറിച്ച് സെല്‍ഫിയെടുക്കലിലാണ് താല്‍പര്യമെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. മഹാരാഷ്രയിലെ ബിജെപി. ശിവസേന മന്ത്രിസഭയിലെ ജലവിഭവ സംരക്ഷണ വകുപ്പ്, ഗ്രാമവികസന വകുപ്പ് തുടങ്ങി പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് പങ്കജ മുണ്ടെ.

കടുത്ത വരള്‍ച്ച നേരിടുന്ന മറാത്ത്വാഡയില്‍ പങ്കജയുടെ മണ്ഡലമായ ബീഡ് ഉള്‍പ്പെടെ ലത്തൂര്‍ സ്റ്റേഷനിലെ ജലട്രെയിനും, സിയ ഗ്രാമത്തിലും മഞ്ചറ നദി ആഴം കൂട്ടുന്ന പദ്ധതി പ്രദേശവും സന്ദര്‍ശിക്കാനാണ് മന്ത്രി എത്തിയത്. എന്നാല്‍ ഇവിടെയെത്തിയ മന്ത്രി ദൗത്യം മറന്ന് കര്‍ഷകരുമായി സെല്‍ഫിയെടുത്ത് ഉല്ലസിക്കുകയായിരുന്നുവെന്നും പ്രതിപക്ഷം പറയുന്നു. അതേസമയം, അനാവശ്യവിവാദങ്ങള്‍ ഒഴിവാക്കി പകരം വരള്‍ച്ചമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പങ്കജ അഭ്യര്‍ത്ഥിച്ചു. വരള്‍ച്ചാബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനത്തിനായി ഹെലിപ്പാഡ് ഒരുക്കുന്നതിന്റെ ഭാഗമായി മന്ത്രി ഏക്‌നാഥ് ഗോഡ്‌സെ പതിനായിരം ലിറ്റര്‍ ജലം ദുരുപയോഗം ചെയ്തത് നേരത്തേ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.