ഭുവനേശ്വര്‍: ഒഡീഷയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ കൊല്ലപ്പെട്ടു. ഭാരതി ഗാന നാട്യ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. എട്ടോളം പേര്‍ക്ക് പരിക്കേറ്റു. ഒഡീഷയിലെ ദിയോഗഡ് ജില്ലയിലാണ് സംഭവം. 250 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. 38 പേരായിരുന്നു ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം അഗ്‌നിശമന സേനയും പൊലീസും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വളവ് തിരിഞ്ഞപ്പോള്‍ ബസ് പാളിയതാകാം അപകടകാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരില്‍ ഏഴുപേരുടെ നില ഗുരുതരമാണെന്ന് ദിയോഗഡ് പൊലീസ് മേധാവി സാറ ശര്‍മ്മ പറഞ്ഞു. ഇവര്‍ക്ക് അടിയന്തര ചികിത്സ നല്‍കി വരികയാണ്. പരിക്കേറ്റവര്‍ക്കുള്ള ചികിത്സ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് അറിയിച്ചു.