കറാച്ചി: ഇന്ത്യയില്‍ നിന്നുള്ള രണ്ട് ചാരന്‍മാര്‍ പിടിയിലായതായാണ് പാകിസ്ഥാന്റെ അവകാശവാദം. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിലെ (റോ) രണ്ടുപേരാണ് പാക് കസ്റ്റഡിയിലുള്ളതായി വിവരം. സദാം ഹുസൈന്‍, ബാചല്‍ എന്നിവരാണ് അറസ്റ്റിലായത്. സിന്ധ് പ്രവിശ്യയില്‍ നടത്തിയ റെയ്ഡിനിടെയാണ് ഇവര്‍ പിടിയിലായതെന്ന് ഭീകരവിരുദ്ധ വകുപ്പ് (സിടിഡി) സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് നവീദ് ഖൗജ അറിയിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നു ഇവര്‍ വെളിപ്പെടുത്തിയെന്നും ചൈന-പാകിസ്ഥാന്‍ സാമ്പത്തിക പദ്ധതിയെ തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും ഖൗജ വ്യക്തമാക്കി. കഴിഞ്ഞ മാസം ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്ന് ഇന്ത്യന്‍ ചാരനെ പിടികൂടിയതായി പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. ഇന്ത്യന്‍ നേവിയില്‍ കമാന്‍ഡര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നുവെന്നും ഇപ്പോള്‍ ഇയാള്‍ ഇന്ത്യന്‍ ചാരസംഘടനയായ റോയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നുമായിരുന്നു പാക്കിസ്ഥാന്റെ വാദം. എന്നാല്‍, ഇന്ത്യന്‍ നേവിയില്‍ നിന്നു നേരത്തേ വിരമിച്ച കൗള്‍ യാദവ് ഭൂഷണ്‍ ഇന്ത്യന്‍ ചാരനല്ലെന്നും വിരമിച്ചശേഷം സര്‍ക്കാരുമായി ഇദ്ദേഹത്തിന് ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ ലംഘിക്കുകയും ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തും പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്.