റിയാദ്: സൗദി അറേബ്യയിലെ വ്യാവസായിക നഗരമായ ജുബൈലിലെ പെട്രോ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ പുക ശ്വസിച്ച്
മൂന്ന് മലയാളികളുള്‍പ്പെടെ ഒമ്പത് ഇന്ത്യക്കാര്‍ മരിച്ചു. ഇതോടെ മരണം 12 ആയി. 17 പേര്‍ക്ക് പരിക്കേറ്റു. തൊടുപുഴ സ്വദേശി ബെന്നി വര്‍ഗീസ്, വിന്‍സെന്റ് ലോറന്‍സ്, ലിജോണ്‍ എന്നിവരാണ് മരിച്ച മലയാളികളെന്നാണ് അറിയായിരിക്കുന്നത്. മുഹമ്മദ് അഷ്റഫ്, ഇബ്രാഹിം, കാര്‍ത്തിക്, ഡാനിയല്‍ എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍. മംഗലാപുരം സ്വദേശികളാണ് ഇവരെന്നാണ് വിവരം. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ദേശസാത്കൃത സ്ഥാപനമായ സൗദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന് (സാബിക്) കീഴിലുള്ള യുനൈറ്റഡ് പെട്രോകെമിക്കല്‍ കമ്പനിയിലാണ് അപകടം. പതിവ് അറ്റകുറ്റപ്പണിക്കിടെ ശനിയാഴ്ച രാവിലെ 11.40 ന് റിയാക്ടറിലാണ് അഗ്നി പടര്‍ന്നതെന്ന് ജുബൈല്‍ റോയല്‍ കമീഷന്‍ വക്താവ് ഡോ. അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാദര്‍ അറിയിച്ചു. അഗ്നിബാധയെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് അപകടം ഉണ്ടായത്. ഫാക്ടറിയിലെ ചൂളയില്‍ (ഫര്‍ണസ്) ജോലി ചെയ്ത മുപ്പതോളം സാങ്കേതിക വിദഗ്ധരും സഹായികളുമാണ് അപകടത്തില്‍പെട്ടത്. ഇവരില്‍ 12 തൊഴിലാളികള്‍ മരിക്കുകയും താഴെ തട്ടിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു. പരിക്കേറ്റവരെ റോയല്‍ കമ്മീഷന്‍ ആശുപത്രിയിലും അല്‍മന ആശുപത്രിയിലും പ്രവേശിപ്പിച്ചൂ. ഇതില്‍ ആറുപേരുടെ നില അതീവ ഗുരുതരമാണ്. മൃതദേഹങ്ങള്‍ റോയല്‍ കമ്മീഷന്‍, മുവാസാത്ത്, അല്‍മന ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുന്നു. മരിച്ചവരില്‍ മൂന്നു ഫിലിപ്പൈന്‍ സ്വദേശികളാണ്. ഗുരുതര പരിക്കേറ്റവരില്‍ ഇന്ത്യക്കാരുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.