കുളത്തൂപ്പുഴ: മീശവടിച്ചേ കോളേജില്‍ എത്താവുയെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തി. അരിപ്പയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എഞ്ചിനിയറിംഗ് കോളേജില്‍ റാഗിങ്ങിനെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടി. നാലു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ ശരത്, ഗിരിദേവ്, ഹരിപ്രസാദ്, അരുണ്‍ എന്നിവര്‍ക്ക് കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ദ്ധ ചികിത്സക്കായി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ പറയുന്നതിങ്ങനെകഴിഞ്ഞവര്‍ഷം ഒന്നാം വര്‍ഷത്തിലേക്ക് അഡ്മിഷന്‍ നേടിയെത്തിയ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന്റെ പേരില്‍ തല്ലുകയും മീശ വടിച്ചു മാത്രമേ കോളേജിലെത്താവൂ എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. മീശവടിക്കാതെ എത്തിയവര്‍ക്കെതിരെ നാലാം വര്‍ഷക്കാരായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഭീഷണി ഉയര്‍ത്തുകയും ഭീഷണിക്കു വഴങ്ങാതിരുന്നവരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. കഴിഞ്ഞദിവസം കോളേജിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് കുളത്തൂപ്പുഴ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.