ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് 8.8 ബില്യണ്‍ ഡോളറിന് (880 കോടി)36 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. ആദ്യ സെറ്റ് എയര്‍ക്രാഫ്റ്റ് ഒന്നരവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തുമെന്നാണ് അറിയുന്നത്. മൂന്നാഴ്ചയ്ക്കുള്ളില്‍ കരാര്‍ ഒപ്പിടും.ആയുധ സംവിധാനങ്ങളടങ്ങിയ 36 റഫേല്‍ വിമാനങ്ങള്‍ക്ക് ആദ്യം 12 ബില്യണ്‍ (1200 കോടി)ആണ് ഫ്രാന്‍സ് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പാരിസ് സന്ദര്‍ശനത്തിലാണ് 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ധാരണയായത്. അതിനു മുന്‍പേ 120 എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാനും പ്രതിരോധമന്ത്രാലയത്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ വിലയെച്ചൊല്ലി ധാരണയിലെത്താത്തതിനാലാണ് 36 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. പാക്കിസ്ഥാന്റെയും ചൈനയുടെയും ഭീഷണിയെ മറികടക്കാന്‍ കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങള്‍ 2017 മുതല്‍ സേനയില്‍ നിന്നു മാറ്റണമെന്ന നിലപാട് വ്യോമസേന ശക്തമായി ഉന്നയിച്ചിരുന്നു. ജനുവരിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വെ ഒലോന്‍ദിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലും ഇതുസംബന്ധിച്ച് തീരുമാനമായില്ല. ദീര്‍ഘമായ കൂടിയാലോചനകള്‍ക്കുശേഷമാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അന്തിമതീരുമാനമെടുത്തത്. ദാസോള്‍ട്ട് ഏവിയേഷന്‍ നിര്‍മ്മിക്കുന്ന റാഫേല്‍ ജെറ്റുകള്‍ മികച്ച ശേഷിയുള്ള യുദ്ധവിമാനങ്ങളാണ്.