ചെന്നൈ: വോട്ടിന് കൂലിയായി പുരുഷന്‍മാര്‍ക്ക് 300 രൂപയും സ്ത്രീകള്‍ക്ക് 250രൂപയും. കൂടാതെ മദ്യവും ബിരിയാണിയും വേറെയും. തമിഴ്‌നാട്ടിലെ വോട്ടുപിടുത്തം ഇങ്ങനെയൊക്കെയാണെന്നിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത് 22 കോടി രൂപ. പ്രചരണസമയത്ത് തന്നെ ഇതൊക്കെ വിതരണം ചെയ്യുന്നുണ്ട്. പണത്തിന് പകരമായി വസ്ത്രങ്ങള്‍, അരി, പച്ചക്കറി എന്നിവയും വിവിധ പാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ചിത്രം പതിച്ച കൊലുസുകള്‍, വെള്ളമുണ്ട്, സാരി, അരി് എന്നിവയും നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകുന്നതിന് മുമ്പ് മാര്‍ച്ച് 20 വരെ 11.60 കോടി രൂപയോളം വിവിധ സ്‌ക്വാഡുകള്‍ പിടിച്ചെടുത്തിരുന്നു. ഇതുവരെയുള്ള കണക്കുകളില്‍ 22 കോടിയോളം പിടിച്ചെടുത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണില്‍ പെടാത്ത അനേകം കോടികള്‍ സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ഇപ്പോഴും ഒഴുകുന്നുണ്ട്. പണമൊഴുക്ക് തടയാന്‍ കര്‍ശന നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചുപോരുന്നതിനിടെയിലും വോട്ടര്‍മാര്‍ക്കിടയിലേക്ക് പണമെറിഞ്ഞാണിവിടെ ജനാധിപത്യം വെളുക്കുന്നത്.